കുതിപ്പിനൊരുങ്ങി ബയോഫ്യൂവൽ വിപണി

Wednesday 02 July 2025 12:10 AM IST

എത്തനോൾ ഉത്പാദനത്തിലേക്ക് നിക്ഷേപം ഒഴുകുന്നു

കൊച്ചി: ബയോഫ്യൂവലുകൾക്ക് പ്രചാരം കൂടുന്നതിനാൽ പ്രതിവർഷം 50,000 കോടി രൂപയുടെ എത്തനോൾ ഉത്പാദനം ആവശ്യമാകുന്ന സാഹചര്യമാണ് ഒരുങ്ങുന്നതെന്ന് സെൻട്രിയൽ ബയോഫ്യുവൽസ് ചെയർമാനും മുൻ ഡി.ജി.പിയുമായ ടോമിൻ തച്ചങ്കരി അഭിപ്രായപ്പെട്ടു. കൊച്ചിയിൽ നടന്ന ബയോഫ്യൂവൽ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യം കണക്കിലെടുത്താണ് മലയാളി സംരംഭകരുടെ നേതൃത്വ്യത്തിൽ വിപുലമായ സജ്ജീകരണങ്ങളോടെ ഗോവയിലെ നവേലിം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഒരു ഫാക്ടറി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബയോഫ്യൂവൽ രംഗത്തെ സാദ്ധ്യതകളും സാങ്കേതികവശങ്ങളും ബയോഫ്യൂവൽ കൂട്ടായ്മയിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. ബയോഫ്യൂവൽ വ്യവസായം ഇന്ത്യയുടെ സാമ്പത്തിക പാരിസ്ഥിതിക മേഖലകളിൽ അനന്തസാദ്ധ്യതകളാണ് നൽകുന്നതെന്നും ചർച്ചകളിൽ പങ്കെടുത്തവർ പറഞ്ഞു.

സെൻട്രിയൽ ബയോഫ്യൂവൽ ഗോവയിൽ ആരംഭിക്കുന്ന യൂണിറ്റിൽ ധാന്യാധിഷ്ഠിതമായാണ് എത്തനോൾ ഉത്പാദിപ്പിക്കുന്നത്. കരിമ്പിൽ നിന്നും എത്തനോൾ ഉത്പാദിപ്പിക്കാം. ധാന്യങ്ങളും കരിമ്പും വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ വർഷം മുഴുവൻ ആവശ്യകത നിലനിൽക്കുന്നതിനാൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ ഒഴിവാകും.

ബയോഫ്യൂവലുകളുടെ മെച്ചം

പെട്രോളിയം ഉത്പന്നങ്ങളിൽ 20 ശതമാനം എത്തനോൾ കലർത്തി ഉപയോഗിക്കുമ്പോൾ രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് വിദേശ നാണയം ലാഭിക്കാനാകും. ക്രൂഡോയിൽ അധിഷ്‌ഠിത പെട്രോളിയം ഉത്‌പന്നങ്ങൾ വൻതോതിൽ കാർബൺ ഡയോക്‌സൈഡ് പുറന്തള്ളുന്നതിനാൽ അന്തരീക്ഷമലിനീകരണം കൂടുതലാണ്.

വൻനിക്ഷേപവുമായി സെൻട്രിയൽ ബയോഫ്യൂവൽ സെൻട്രിയൽ ബയോഫ്യൂവൽസ് രാജ്യത്തെ ഏറ്റവും വലിയ എത്തനോൾ ഉത്പാദന കേന്ദ്രമാണ് സ്ഥാപിക്കുന്നത്. 300 കെ.എൽ.പി.ഡി ഉത്പാദനശേക്ഷിയുള്ള ഫാക്ടറിയും അസംസ്‌കൃത സാധനങ്ങളുടെ സുഗമമായ ലഭ്യതയും ഈ സംരംഭത്തിന് ഗുണമാകും. അഞ്ച് വർഷത്തിനുള്ളിൽ 1200 കെ.എൽ.പി.ഡിയിലേക്ക് ഉത്പാദനം വർദ്ധിപ്പിക്കാനും, കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്പാദന യൂണിറ്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നു മാനേജിംഗ് ഡയറക്ടർ ജോബി ജോർജ് പറഞ്ഞു, ഒരു വർഷത്തിനുള്ളിൽ പ്രാരംഭ ഓഹരി വിൽപ്പനയും ലക്ഷ്യമിടുന്നുവെന്ന് പ്രോജക്‌റ്റ് കോർഡിനേറ്റർ സി.എ. സാബു തോമസ് പറഞ്ഞു.