അമേരിക്കൻ വ്യാപാര കരാർ ക്ഷീരമേഖലയ്ക്ക് വിനയാകുമെന്ന്  മിൽമ ചെയർമാൻ

Wednesday 02 July 2025 12:13 AM IST

കോഴിക്കോട്: ഇന്ത്യയും അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ക്ഷീര മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. കാർഷികോത്പ്പന്നങ്ങളുടെ ഉത്പ്പാദനത്തിനായി ലോകത്ത് ഏറ്റവും ഉയർന്ന തോതിൽ സബ്‌സിഡികൾ നൽകുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കയിൽ ഉത്പ്പാദിപ്പിക്കപ്പെടുന്ന കാർഷികോത്പ്പന്നങ്ങൾ യാതൊരു തീരുവയും ചുമത്താതെ സ്വതന്ത്രമായി ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കാൻ അവസരം നൽകിയാൽ രാജ്യത്തെ കാർഷിക മേഖല തളരും.

ഗ്രാമീണരുടെ പ്രധാന വരുമാന സ്രോതസായ കാർഷിക ക്ഷീരമേഖലയ്ക്ക് വ്യാപാര കരാർ ഉണ്ടാക്കാൻ പോകുന്ന ക്ഷതം വളരെ വലുതായിരിക്കും. ലോകത്ത് ക്ഷീരോത്പ്പാദനത്തിൽ മുന്നിലുള്ള ഇന്ത്യയിൽ പാലുത്പ്പാദനം നടത്തുന്നത് ചെറുകിട നാമമാത്ര കർഷകരും സഹകരണ മേഖലയിലെ ത്രിതല സംവിധാനവുമാണ്.

സ്വതന്ത്ര വ്യാപാരക്കരാറിന്റെ മറവിൽ അമേരിക്കയിൽ കെട്ടിക്കിടക്കുന്ന പാലും പാലുത്പ്പന്നങ്ങളും വിറ്റഴിക്കുന്നതിന് ഇന്ത്യയുടെ വിപണി നിരുപാധികം തുറന്നുകൊടുക്കരുതെന്ന് മിൽമ മലബാർ മേഖലാ യൂണിയൻ ഭരണസമിതി യോഗം ആവശ്യപ്പെട്ടു. കർഷകരുടെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം തകർക്കുന്ന കരാറിൽ നിന്നും പിൻമാറണമെന്ന് മിൽമ മലബാർ മേഖലാ യൂണിയൻ കേന്ദ്ര സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.