സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക : ജോയിന്റ് കൗൺസിൽ

Wednesday 02 July 2025 12:27 AM IST

പത്തനംതിട്ട: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സമയ ബന്ധിതമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി​. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിൽ സമാപിച്ചു. ധർണ്ണ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. 2024 ജൂലായ് ഒന്നു മുതൽ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ടതായിരുന്നു ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ. എന്നാൽ നാളിത് വരെയും ജീവനക്കാരുടെ ശമ്പള പരിഷക്കരണം സംബന്ധിച്ച് സർക്കാർ കാണിക്കുന്ന മൗനം ദു:ഖകരമാണെന്നും ജീവനക്കാരുടെ ശമ്പള പരിഷ്കരണം നീണ്ടുപോകുന്ന സാഹചര്യത്തിൽ മുൻ ഇടതുപക്ഷ സർക്കാരുകളെ പോലെ ജീവനക്കാർക്ക് ഇടക്കാല ആശ്വാസം അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും എ. ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു.. ജില്ല പ്രസിഡന്റ് ആർ.മനോജ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. അഖിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പ്രദീപ്‌ കുമാർ, എൻ.അനിൽ, സംസ്ഥാന കൗൺസിൽ അംഗം ജെ.സിനി, അനീഷ് കുമാർ.സി​ എന്നി​വർ സംസാരിച്ചു.