വള്ളിക്കോട് പാടത്ത് ചിങ്ങക്കൃഷി ഉപേക്ഷിച്ചു
വള്ളിക്കോട് : ജില്ലയുടെ പ്രധാന നെല്ലറകളിൽ ഒന്നായ വള്ളിക്കോട് പാടശേഖരങ്ങളിൽ ഇത്തവണ ചിങ്ങത്തിൽ കൊയ്ത്തുപാട്ട് ഉയരില്ല. പ്രതികൂല കാലാവസ്ഥ കാരണം കർഷകർ കൃഷി ഉപേക്ഷിച്ചു. പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിഞ്ഞുപോകാത്തതാണ് പ്രധാന പ്രതിസന്ധി. മഴക്കാലത്ത് വെള്ളം ഒഴിഞ്ഞുപോകുന്നതിനും വേനലിൽ വെള്ളം എത്തിക്കുന്നതിനും സൗകര്യമില്ല. പാടശേഖരം കാടുകയറിയ നിലയിലാണിപ്പോൾ. വർഷത്തിൽ മൂന്ന് തവണയാണ് വള്ളിക്കോട് പാടത്ത് നെൽ കൃഷി ഇറക്കിയിരുന്നത്. കഴിഞ്ഞ മുണ്ടകൻ കൃഷിക്കും മകര കൃഷിക്കും മികച്ച വിളവ് ലഭിച്ചിരുന്നു. സപ്ളൈക്കോയണ് നെല്ല് സംഭരിച്ചത്. ഇത്തവണയും ചിങ്ങക്കൃഷി ഇറക്കാൻ കർഷകർ തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ വില്ലനായി. പാടശേഖരങ്ങളിൽ ട്രാക്ടർ ഇറക്കുന്നതിനോ വെള്ളക്കെട്ട് ഒഴിവാക്കാനോ നടപടിയുണ്ടായില്ല. ഇത്തവണത്തെ മകര കൃഷിക്ക് 480 ഉം മുണ്ടകൻ കൃഷിക്ക് 500 ഉം ക്വിന്റൽ നെല്ല് ലഭിച്ചിരുന്നു.
തിരിച്ചടിയായത് പ്രതികൂല കാലാവസ്ഥ
മംഗലത്ത് മുതൽ ചെമ്പത വരെ അഞ്ഞൂറ് ഹെക്ടറോളം വരുന്ന വിശാലമായ പാടശേഖരങ്ങളാണ് വള്ളിക്കോട്ടുള്ളത്. വേട്ടക്കുളം, കാരുവേലിൽ, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ, അട്ടത്തോട്ട, തട്ട എന്നിവയാണ് ഇതിൽ പ്രധാനം. ആഴ്ചകളായി പെയ്യുന്ന മഴ കാരണം പാടശേഖരങ്ങൾ രൂപപ്പെട്ട വെള്ളക്കെട്ട് നീക്കം ചെയ്യാൻ കഴിഞ്ഞില്ല. മണ്ണും ചെളിയും നിറഞ്ഞ തോടുകളും പ്രധാന പ്രശ്നമാണ്. മഴ പെയ്താൽ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിഞ്ഞുപോകില്ല. വലിയ തോട്ടിലെയും ചാലുകളിലെയും മണ്ണും എക്കലും നീക്കം ചെയ്ത് ആഴംകൂട്ടിയെങ്കിൽ മാത്രമെ കൃഷി സാദ്ധ്യമാകൂ.
പഞ്ചായത്തിലും കൃഷി വകുപ്പിലും പരാതികൾ നൽകിയെങ്കിലും വെള്ളക്കെട്ടിന് ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കർഷകർ
കർഷകർക്ക് പഞ്ചായത്ത് പിന്തുണയും സഹായങ്ങളും നൽകുന്നുണ്ട്. കാലാവസ്ഥയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തോട്ടിലെ നീരൊഴുക്ക് കാര്യക്ഷമമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ആർ.മോഹനൻ നായർ
(വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)