കേരള തമിഴ്‌നാട് അതിർത്തിയിൽ ഒഴിഞ്ഞ പറമ്പിൽ ഇവരുടെ സംഘമെത്തും, കൂടുതലും യുവാക്കൾ, ഒറ്റത്തവണ കൈമാറുക പതിനായിരങ്ങൾ
ചിറ്റൂർ: കിഴക്കൻ മേഖലയിൽ വീണ്ടും കോഴിപ്പോര് സംഘങ്ങൾ സജീവമാകുന്നതായി പരാതി. കോഴിയങ്ക സംഘങ്ങളുടെ ചൂതാട്ടത്തിനെതിരെ സമീപകാലത്ത് കർശനമായ നടപടികളുമായി പൊലീസ് നീങ്ങിയതിനെ തുടർന്ന് ഉൾവലിഞ്ഞ കോഴിപ്പോരു സംഘങ്ങളാണ് വീണ്ടും തലപൊക്കിയത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ ആറാം മൈലിൽ രഹസ്യ കേന്ദ്രത്തിലും കേരള, തമിഴ്നാട് അതിർത്തി പ്രദേശങ്ങളായ വേലന്താവളം, അനുപ്പൂർ, മലയാണ്ടി, കൗണ്ടന്നൂർ, എല്ലപാട്ടൻ കോവിൽ, എരുത്തേമ്പതി എന്നിവിടങ്ങളിലും എടുപ്പുകുളം, പോക്കാൻതോട് മേഖലകളിലെ ഒഴിഞ്ഞ പറമ്പുകളും സ്വകാര്യ വ്യക്തികളുടെ തെങ്ങിൻ തോപ്പുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ ചൂതാട്ടം. കോഴിയങ്കം തൊഴിലാക്കിയ യുവാക്കൾ ഈ മേഖലയിൽ ഉണ്ട്. ഇതിൽ വൻകടബാദ്ധ്യതയിൽ അകപ്പെട്ട് ഭാവി താളം തെറ്റിയവരും നിരവധിയാണ്. കോഴിയങ്കത്തിന്റെ പേരിൽ സംഘങ്ങൾ തമ്മിലടിച്ച് പലപ്പോഴും വലിയ സംഘട്ടനങ്ങൾക്ക് ഇടയാക്കിയ സംഭവങ്ങളും ഏറെയാണ്.
ലക്ഷങ്ങളുടെ ചൂതാട്ടം
കാഴ്ചക്കാർക്ക് ആവേശം പകരുമെങ്കിലും കോഴിപ്പോരിന്റെ പേരിൽ വാതുവെപ്പുകാരുടെ കൈകളിൽ കൂടി മറിയുന്നത് പതിനായിരങ്ങളാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂർ, പൊള്ളാച്ചി, തിരുപ്പൂർ എന്നീ ഭാഗങ്ങളിൽ നിന്ന് കോഴിപ്പോരിനായി ദിവസേന നിരവധി ആളുകൾ കിഴക്കൻ മേഖലയിൽ എത്താറുണ്ട്. പ്രത്യേക പരിശീലനവും ഭക്ഷണവും മരുന്നുകളും നൽകി സംരക്ഷിച്ചു വരുന്ന പൂവൻ കോഴികളെയാണ് കളത്തിലിറക്കുന്നത്. ഇത്തരം കോഴികൾക്ക് മൂവ്വായിരം മുതൽ 35000 രൂപ വരെ നൽകിയാണ് കൊണ്ടുവരുന്നത്. ജയിക്കുന്ന കോഴികൾക്ക് അയ്യായിരം മുതൽ അഞ്ച് ലക്ഷം രൂപ വരെ പന്തയത്തുക ഉയരാറുണ്ട്. ഒരു ദിവസം പത്തും ഇരുപതും ജോഡി കോഴികളെയാണ് ഈ ഭാഗങ്ങളിൽ പോരിന് ഇറക്കുന്നത്.
തെങ്ങിൻ തോപ്പുകളും ഒഴിഞ്ഞ പറമ്പുകളിലും നടക്കുന്ന പോര് പൊലീസ് പിടിക്കാതിരിക്കാൻ തോപ്പിന്റെ തുടക്കം മുതൽ പൊലീസ് സ്റ്റേഷൻ വരെ വിവിധ ഭാഗങ്ങളിൽ മുന്നറിയിപ്പ് നൽകാനായി ആളുകളെ നിറുത്തിയിട്ടുണ്ടാവും. ഇവർക്കും ലഭിക്കും ആയിരങ്ങൾ. ഒരു ലക്ഷം രൂപ പന്തയ തുകയ്ക്ക് 10000 രൂപയാണ് തോട്ടം ഉടമയ്ക്ക് കമ്മീഷനായി ലഭിക്കുക. അതുകൊണ്ടു തന്നെ അതിർത്തിലെ തോട്ടം ഉടമകൾ കോഴിയങ്കം പ്രോത്സാഹിപ്പിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു.