ചാരായവും കഞ്ചാവ്‌ ചെടിയും കണ്ടെത്തി

Wednesday 02 July 2025 12:11 AM IST
എഴുകോൺ എക്സൈസ് പുത്തൂർ കാരിക്കലിൽ നിന്ന് പിടിച്ചെടുത്ത ചാരായവും വാറ്റുപകരണങ്ങളും.

എഴുകോൺ: എഴുകോൺ എക്സൈസ് സംഘം പുത്തൂർ കാരിക്കലിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ ചാരായവും 260 ലിറ്റർ കോടയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ കാരിക്കൽ മാനാവിറ കുഴിവിള വീട്ടിൽ രാജപ്പൻ അറസ്റ്റിലായി. പുത്തൂർ കേന്ദ്രീകരിച്ച് ചാരായം വിൽക്കുന്നു എന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന. റേഞ്ച് ഇൻസ്പെക്ടർ സാജൻ. സിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുനിൽകുമാർ, കബീർ, ശരത്, ശ്രീജിത്ത്‌, സിവിൽ എക്സൈസ് ഓഫീസർമാരായ രജീഷ്, വിഷ്ണു എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗ, സ്നേഹ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ദേശീയപാതയോരത്ത് കഞ്ചാവ് ചെടി

വ്യാജമദ്യം പിടികൂടാൻ നടത്തിയ പരിശോധനയ്ക്കിടെ, എഴുകോൺ എക്സൈസ് സംഘം തിരക്കേറിയ ദേശീയപാതയോരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപം കല്ലുംപുറത്ത്, നാളുകളായി അടഞ്ഞുകിടക്കുന്ന തട്ടുകടയുടെ മുന്നിലാണ് 27 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. മറ്റ് ചെടികളോ പുല്ലുകളോ തിങ്ങി വളർന്നിട്ടില്ലാത്ത തുറന്ന പ്രദേശമാണിത്. ആരെങ്കിലും നട്ടു വളർത്തിയതാണെന്ന സൂചനയില്ലെന്നും, പ്രദേശം കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗിക്കുന്നവരുണ്ടോ എന്ന് പരിശോധിക്കുമെന്നും എക്സൈസ് അറിയിച്ചു.