ആലപ്പാട് പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച്
Wednesday 02 July 2025 12:07 AM IST
കരുനാഗപ്പള്ളി : യു.ഡി.എഫ് ഭരിക്കുന്ന ആലപ്പാട് ഗ്രാമപഞ്ചായത്തിലേക്ക് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. വികസന പദ്ധതികൾ അട്ടിമറിച്ച് ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. യൂണിയൻ ബാങ്കിന് സമീപത്തു നിന്നും ആരംഭിച്ച മാർച്ച് ആലപ്പാട് സെന്റർ ചുറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.മനോഹരൻ ഉദ്ഘാടനം ചെയ്തു. ബി.വേണു അദ്ധ്യക്ഷനായി. ഡി.ബിജു സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജഗദ് ജീവൻലാലി, മത്സ്യത്തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് ജി.രാജദാസ്, ഷെർലി ശ്രീകുമാർ, വി.പ്രേംകുമാർ, പി. ലിജു, ഉണ്ണികൃഷ്ണൻ, സുധി തുടങ്ങിയവർ സംസാരിച്ചു.