തെരുവിൽ സമരം ചെയ്യേണ്ട അവസ്ഥയിലെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: ലോകം ഡോക്ടേഴ്‌സ് ദിനം ആഘോഷിക്കുമ്പോൾ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലുള്ള കേരളത്തിലെ ഡോക്ടർമാർ തെരുവിൽ സമരം ചെയ്യേണ്ട അവസ്ഥയിലാണെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്‌നാര ബീഗം പറഞ്ഞു. സർക്കാർ മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാത്തതിനെതിരെ കെ.ജി.എം.സി.ടി നടത്തിയ പ്രതിഷേധ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർവഹിക്കുകയായിരുന്നു അവർ.
മെഡിക്കൽ കോളേജുകൾ താളം തെറ്റിയ സ്ഥിതിയിലാണ്. മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ പ്രവൃത്തി സമയം നിശ്ചയിക്കാത്തതിനാൽ രാപ്പകലില്ലാതെ പണിയെടുക്കുകയാണ്. പുതിയ മെഡിക്കൽ കോളേജുകളിലെ പരിശോധനയ്ക്ക് മുന്നോടിയായി ദേശീയ മെഡിക്കൽ കൗൺസിലിനെയും ആരോഗ്യ സർവകലാശാലയേയും പറ്റിക്കാൻ പെൻഷനാകാൻ പോകുന്ന ഡോക്ടർമാരെപോലും തട്ടിക്കളിക്കുകയാണ്. യുവ ഡോക്ടർമാർ സർക്കാർ മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിക്കാൻ തയ്യാറാകുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ. ഷിബു അദ്ധ്യക്ഷത വഹിച്ചു. മറ്റു മെഡിക്കൽ കോളേജുകളിൽ യൂണിറ്റ് അദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കൊല്ലം മെഡിക്കൽ കോളേജിൽ ഡോ. നിസാമുദ്ദീൻ, കോന്നിയിൽ ഡോ. രതീഷ്, ആലപ്പുഴയിൽ ഡോ. സഞ്ജയ്, കോട്ടയത്ത് ഡോ. ഫെഡറിക്ക് പോൾ, ഇടുക്കിയിൽ ഡോ. രാംകുമാർ, എറണാകുളത്ത് ഡോ. വേണുഗോപാൽ, തൃശൂർ ഡോ. ബിനോയ്, മഞ്ചേരിയിൽ ഡോ. അഷ്‌റഫ്, കോഴിക്കോട് ഡോ. അബ്ദുൾ ബാസിത്ത്, ഡോ. അരവിന്ദ്, വയനാട് ഡോ. അനീൻകുട്ടി, കാസർകോട് ഡോ. സിന്ധു എന്നിവർ നേതൃത്വം നൽകി.