പ്രതീക്ഷിച്ച റാങ്ക് സ്വന്തമാക്കി അനഘ

Wednesday 02 July 2025 12:48 AM IST

ആലപ്പുഴ: കീം പരീക്ഷ എഴുതിക്കഴിഞ്ഞപ്പോൾ മുതൽ റാങ്ക് ലഭിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു കായംകുളം പത്തിയൂർ സാരംഗം വീട്ടിൽ അനിൽകുമാർ - പ്രമിത ദമ്പതികളുടെ മകൾ അനഘ അനിൽ.റിസൽട്ട് വന്നപ്പോൾ ഫാർമസി വിഭാഗത്തിലെ ഒന്നാം റാങ്കും അനഘ സ്വന്തമാക്കി. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ 856ാം റാങ്കും നേടിയിരുന്നു. നീറ്റ് പരീക്ഷ ലക്ഷ്യം വച്ചായിരുന്നു പരിശീലനമെന്നതിനാൽ എം.ബി.ബി.എസ് സ്വപ്നവുമായി മുന്നോട്ട് പോകാനാണ് അനഘയുടെ തീരുമാനം. കായംകുളം ഹോളിമേരി സെൻട്രൽ സ്കൂളിലായിരുന്നു പഠനം. പ്ലസ് ടുവിന് ശേഷം റിപ്പീറ്റായാണ് എൻട്രൻസ് പരീക്ഷകൾ എഴുതിയത്. ഫിസിക്സിനോട് ഏറ്റവും ഇഷ്ടമുള്ള അനഘ ദിവസത്തിൽ 13 മുതൽ 14 മണിക്കൂർ വരെ പഠനത്തിനായി നീക്കിവയ്ക്കും. കെ.എസ്.ആർ.ടി.സി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ് അച്ഛൻ അനിൽകുമാർ. ആലപ്പുഴ ഇ.എസ്.ഐ ഓഫീസിൽ സീനിയർ ക്ലർക്കാണ് അമ്മ പ്രജിത. സഹോദരി ഗൗരിലക്ഷ്മി എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.