കീമിൽ മൂന്നാംറാങ്കിന്റെ തിളക്കത്തിൽ അക്ഷയ്ബിജു 

Wednesday 02 July 2025 12:55 AM IST

കോഴിക്കോട്: കീം പരീക്ഷയിൽ എൻജിനീയറിംഗ് വിഭാ​ഗത്തിൽ മൂന്നാംറാങ്കിന്റെ തിളക്കത്തിൽ കാക്കൂർ ‘സുദിൻ’ത്തിൽ അക്ഷയ് ബിജു ബി.എൻ. 600റിൽ 588.5773 മാർക്കാണ് അക്ഷയ് നേടിയത്. നേരത്തേ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ കേരളത്തിൽ ഒന്നാമനായിരുന്നു അക്ഷയ്. 263 മാർക്കായിരുന്നു നേടിയത്. (ദേശീയമായി 192-ാം റാങ്ക്).

കോഴിക്കോട് മാനാഞ്ചിറ അഡീഷനൽ സബ് ട്രഷറി ജൂനിയർ സൂപ്രണ്ട് എൻ.ബിജുവിന്റെയും ആയുർവേദ ഡോക്ടർ സി.കെ.നിഷയുടെയും മകനാണ്. അക്ഷയുടെ സഹോദരി ഗോപിക അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്. കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ പത്താംക്ലാസ് പഠനത്തിനു ശേഷം കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കി. കാൺപൂർ ഐ.ഐ.ടി.യിൽ കമ്പ്യൂട്ടർ സയൻസിന് ചേരണമെന്നാണ് അക്ഷയുടെ ആ​ഗ്രഹം. പഠനത്തിനു പുറമെ ചിത്രരചനയും ചെസ്സുമാണ് അക്ഷയ്ക്ക് ഇഷ്ടം.

കോഴിക്കോട് ജില്ലയിൽ പന്തീരങ്കാവ് മൂന്ന് മൂലപറമ്പിൽ മഹിർ അലി.ടി ഏഴാംറാങ്കും, മലാപ്പറമ്പ് ഹൗസിംഗ് കോളനിയിൽ ഡാനി ഫിറാസ് പയ്യാനക്കടവൻ എട്ടാം റാങ്കും നേടിയിട്ടുണ്ട്. ബാച്ചിലർ ഒഫ് ഫാർമസിയിൽ ഫറൂഖ് മന്ത്രമ്മൽ വീട്ടിൽ താജുൽ ഫസാരി.എം നാലാംറാങ്കും കരസ്ഥമാക്കി.