മോഹൻലാലിന്റെ മകൾക്ക് സിനിമയിൽ 'തുടക്കം'
കൊച്ചി: മോഹൻ ലാലിന്റെ മകൾ വിസ്‌മയ ഇനി സിനിമയിലെ വിസ്മയം. അരങ്ങേറ്റം 'തുടക്കം' എന്ന സിനിമയിൽ. രചനയും സംവിധാനവും ജൂഡ് ആന്തണി ജോസഫ്. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ''പ്രിയ മായക്കുട്ടീ, സിനിമയോടുള്ള ആജീവനാന്ത പ്രണയത്തിന്റെ ആദ്യപടിയായി തുടക്കം മാറട്ടെ." മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
മഹാപ്രളയം ചിത്രീകരിച്ച 2018 എന്ന സിനിമയ്‌ക്കു ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. 'തുടക്ക'ത്തിൽ വില്ലനുണ്ട്. നായകനില്ല. തുടരും എന്ന ലാൽചിത്രം സൂപ്പർഹിറ്റായി നിൽക്കുമ്പോഴാണ് മായക്കുട്ടിയുടെ തുടക്കം. മായക്കുട്ടി എന്നത് ചെല്ലപ്പേരാണ്.
ചിത്രകാരി, കവയിത്രി
ചിത്രരചന, കവിതാരചന, അഭിനയം എന്നിവയിൽ തത്പരയായ വിസ്‌മയ, 'ബറോസ്' ഉൾപ്പെടെ സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. 'ഗ്രെയിൻസ് ഒഫ് സ്‌റ്റാർഡസ്‌റ്റ്' എന്ന ഇംഗ്ളീഷ് കവിതാസമാഹാരവും 'നക്ഷത്രധൂളികൾ' എന്ന മലയാള വിവർത്തനവും പ്രസിദ്ധീകരിച്ചു. ഊട്ടിയിലെ ഹെബ്രോൺ സ്‌കൂളിലാണ് പഠിച്ചത്. കർണാടകയിലെ മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. പഠനകാലത്ത് ഗ്രഹണം എന്ന ഹ്രസ്വചിത്രത്തിൽ സംവിധാന സഹായിയായി. ഫിലിം ഫെസ്‌റ്റുകളിലും പങ്കെടുക്കാറുണ്ട്. തായ്‌ലൻഡിൽ നിന്ന് മുവായ് തായ് ആയോധനകലയിൽ പരിശീലനവും നേടിയിട്ടുണ്ട്.
1991 ജൂൺ രണ്ടിനാണ് ജനനം. സുചിത്രയാണ് മാതാവ്. സഹോദരൻ പ്രണവ് 2018ൽ സിനിമയിൽ തുടക്കം കുറിച്ചിരുന്നു.
'എന്റെ ലാലേട്ടന്റെയും സുചി ചേച്ചിയുടെയും പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ച് ഏൽപ്പിക്കുമ്പോൾ ഞാൻ കണ്ടതാണ് കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ, ചേച്ചി. ഒരു കുഞ്ഞുസിനിമ. ആന്റണി ചേട്ടാ, ഇതൊരു 'ആന്റണി ജൂഡ് 'തുടക്ക'മാകട്ടെ.
-ജൂഡ് ആന്തണി ജോസഫ്
'എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക് എല്ലാ പ്രാർത്ഥനകളും. മികച്ച തുടക്കം നേരുന്നു.
ആന്റണി പെരുമ്പാവൂർ