മലയാളികളുടെ ജനപ്രിയ ബ്രാന്‍ഡ് ഇനി കേരളത്തില്‍ നിര്‍മിക്കും; നിലവിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗിക്കും

Tuesday 01 July 2025 11:22 PM IST


കഞ്ചിക്കോട്: പൊതുമേഖലാ സ്ഥാപനമായ മലബാര്‍ ഡിസ്റ്റിലറിയില്‍ മദ്യം ഉദ്പാദനം തുടങ്ങുന്നു. നിലവിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് മദ്യ നിര്‍മ്മാണം ആരംഭിക്കുന്നത്. ജവാന്‍ മദ്യം തിരിച്ച് വരുന്നതോടെ മലബാര്‍ ഡിസ്റ്റിലറീസിന് പുതുജീവന്‍ വെക്കും. ഇവിടെ പുതുതായി ആരംഭിക്കുന്ന ഐ.എം.എഫ്.എല്‍ ബ്ലെന്റിംഗ് ആന്‍ഡ് ബോട്ട്‌ലിംഗ് പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം ഈ മാസം 7 ന് രാവിലെ 11:30 ന് ദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും.

കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനായി സംഘാടക സമിതി യോഗം എ.പ്രഭാകരന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മലബാര്‍ ഡിസ്റ്റിലറീസില്‍ ചേര്‍ന്നു. യോഗത്തില്‍ മലബാര്‍ ഡിസ്റ്റിലറീസ് ജനറല്‍ മാനേജര്‍ സുഗുണന്‍, അക്കൗണ്ട്‌സ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, എസ്.ബി.രാജു, സുഭാഷ് ചന്ദ്രബോസ്, ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. തകര്‍ന്ന കെട്ടിടങ്ങള്‍, പൊളിഞ്ഞ ഗോഡൗണുകള്‍, തുരുമ്പെടുത്തും ചിതലരിച്ചും കിടക്കുന്ന എക്സൈസ് വകുപ്പ് പിടിച്ചെടുത്ത ലക്ഷങ്ങള്‍ വില വരുന്ന വാഹനങ്ങള്‍, കാട് പിടിച്ച് കിടക്കുന്ന പരിസരം ഇതൊക്കെയാണ് നിലവില്‍ മലബാര്‍ ഡിസ്റ്റിലറിയുടെ ചിത്രം.

തകര്‍ച്ചകളുടെ ചരിത്രം മാത്രമുള്ള ഈ പൊതുമേഖലാ സ്ഥാപനത്തെ കൈ പിടിച്ചുയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയെയാണ് പിന്നീട് കമ്പനി ആക്കി മാറ്റിയത്. മുമ്പ് ഇവിടെ ചാരായം നിര്‍മ്മിച്ചിരുന്നു. ചാരായ നിരോധനത്തിന് ശേഷം ഇ.എന്‍.എ ഉദ്പാദിപ്പിച്ചിരുന്നു. 2009ല്‍ ഏറെ പ്രതീക്ഷയോടെയാണ് പഞ്ചസാര ഫാക്ടറി തുടങ്ങി. കേരളത്തിലെ ഏക സഹകരണ പഞ്ചസാര ഫാക്ടറി എന്ന ഖ്യാതിയും നേടി.

എന്നാല്‍ അംഗങ്ങള്‍ക്ക് ലാഭവിഹിതം കൊടുത്ത സഹകരണ ഫാക്ടറി കെടുകാര്യസ്ഥത കൊണ്ട് തകര്‍ച്ചയിലേക്ക് കൂപ്പ്കുത്തി. കരിമ്പ് കര്‍ഷകരുടെ പ്രതീക്ഷ ആയിരുന്ന ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറി ഒടുവില്‍ അടച്ച് പൂട്ടി. സ്ഥാപനത്തെ രക്ഷിച്ചെടുക്കുന്നതിന് വേണ്ടിയാണ് പൊതുമേഖലാ കമ്പനിയാക്കിമാറ്റി ഡിസ്റ്റിലറി തുടങ്ങാന്‍ തീരുമാനിച്ചത്. വാട്ടര്‍ അതോറിറ്റി വെള്ളം കൊടുക്കാത്തതിനാല്‍ ഉത്പാദനം തുടങ്ങാനായില്ല.' ഇപ്പോള്‍ എക്സൈസ് വകുപ്പിന്റെയും ബീവറേജസിന്റെയും ഗോഡൗണ്‍ മാത്രമാണ് മലബാര്‍ ഡിസ്റ്റിലറി. ഈ ഇനത്തില്‍ കിട്ടുന്ന വാടക മാത്രമാണ് വരുമാനമാര്‍ഗ്ഗം.