കായിക കേരളം പ്രതികരിക്കുന്നു
കഴിഞ്ഞ ദിവസങ്ങളിൽ കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച 'ട്രാക്കിൽ നിന്ന് കേരളം മായുമ്പോൾ" എന്ന പരമ്പരയെക്കുറിച്ച് കായിക രംഗത്തെ പ്രമുഖർ പ്രതികരിക്കുന്നു.
സത്യത്തിൽ അത്‌ലറ്റിക്സിലെ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ കണ്ട് കരച്ചിൽ തോന്നിയിട്ടുണ്ട്. ഞങ്ങളുടെ കാലത്തും അതിനുശേഷവും ഇന്ത്യൻ ക്യാമ്പെന്നാൽ മലയാളികളുടെ കൂടാരമായിരുന്നു. റിലേ ഓടുന്നതെല്ലാം മലയാളികൾ. കഴിഞ്ഞ ദേശീയ മീറ്റുകളിലൊക്കെ റിലേയിൽ കേരളടീമിന്റെ പ്രകടനം കണ്ട് സങ്കടപ്പെട്ടിരുന്നുപോയി. പഴയകാലത്തേക്കാൾ എത്രയോ കൂടുതൽ സ്റ്റേഡിയങ്ങളും സൗകര്യങ്ങളുമൊക്കെ നമുക്കുണ്ട്. പക്ഷേ പ്രതിഭകളെ വളർത്തിയെടുക്കാൻ കഴിയുന്നില്ല. തമിഴ്നാട്ടിൽ ജീവിക്കുന്ന ഞാൻ അവിടുത്തെ സർക്കാർ കായിക താരങ്ങൾക്ക് നൽകുന്ന സൗകര്യങ്ങൾ അറിയുന്നുണ്ട്. അത്തരത്തിലുള്ള പിന്തുണ നമുക്ക് കിട്ടുന്നില്ലെന്ന് വിഷമകരമാണ്.
- ഷൈനി വിൽസൺ,
മുൻ അന്താരാഷ്ട്ര അത്‌ലറ്റ്
സ്കൂൾ, കോളേജ് സ്പോർട്സ് ഹോസ്റ്റലുകളെ 2015ന് മുൻപുള്ള നിലവാരത്തിലേക്ക് എത്തിക്കുന്നതോടൊപ്പം 16വയസിനുമേൽ പ്രായമായവർക്ക് സ്പെഷ്യലൈസ്ഡ് ട്രൈനിംഗിനുള്ള സൗകര്യങ്ങളും ഒരുക്കണം.ഒരു പരിശീലകൻ തന്നെ 100മീറ്റർ മുതൽ മരത്തോൺ വരെ പരിശീലിപ്പിക്കുന്ന അവസ്ഥ മാറണം. സ്പ്രിന്റ്, ജമ്പ് ഇനങ്ങളിൽ കേരളത്തിന് നഷ്ടപ്പെട്ട ആധിപത്യം വീണ്ടെടുക്കണം.കേരളത്തിൽ പലസ്ഥലത്തും പഴയ കളിക്കളങ്ങൾ കാട് കയറി നശിച്ചാലും സാധാരണക്കാരന് അപ്രാപ്യമാണ്. ഇത് തുറന്നു കൊടുക്കണം.
- കെ.ഐ ഗോപാലകൃഷ്ണ പിള്ള,
മുൻ കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് ചീഫ് കോച്ച്.
കായിക അസോസിയേഷനുകളോടുള്ള സർക്കാരിന്റെ സമീപനത്തിൽ മാറ്റംവേണം. കായികസംഘടനകളെ വിശ്വാസത്തിലെടുക്കുകയും മുൻകാലങ്ങളിൽ നൽകിയതുപോലെ പ്രവർത്തനത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യണം . സി.ബി.എസ്.സി ഉൾപ്പടെയുള്ള മറ്റ് സിലബസുകളിലുള്ളവരെക്കൂടി ഉൾപ്പെടുത്തി സ്കൂൾ കായികമേളകൾ സംഘടിപ്പിക്കണം. എല്ലാ സിലബസിലുള്ളവർക്കും ഗ്രേസ്മാർക്ക് ഏർപ്പെടുത്തണം.കുട്ടികൾക്ക് കളിക്കാനും മത്സരങ്ങൾ നടത്താനും സൗജന്യമായി സ്റ്റേഡിയങ്ങൾ വിട്ടുകൊടുക്കണം.
- വി.സുനിൽ കുമാർ, കേരള ഒളിമ്പിക്
അസോസിയേഷൻ പ്രസിഡന്റ്.
കേരള കൗമുദി പരമ്പരയിലൂടെ ചൂണ്ടിക്കാട്ടിയത് യാഥാർത്ഥ്യമാണ്. കഴിഞ്ഞ പത്തുവർഷമായി കേരളത്തിന്റെ കായികഗ്രാഫ് കുത്തനെ താഴോട്ടാണ്. സ്പോർട്സ ഹോസ്റ്റലുകൾക്കും കായിക അസോസിയേഷനുകൾക്കും പ്രവർത്തിക്കാനുള്ള ഫണ്ട് സമയബന്ധിതമായി നൽകാത്തതാണ് പ്രധാന കാരണം. അത്‌ലറ്റിക്സിലെ പിന്നോട്ടുപോക്കിന് അത്‌ലറ്റിക്സ് അസോസിയേഷനും ഉത്തരവാദിത്വമുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ സർക്കാരിന്റെ സത്വര ഇടപെടൽ വേണം.
- എസ്. നജ്മുദ്ദീൻ, പ്രസിഡന്റ് ദേശീയ കായിക വേദി
സ്പോർട്സിലേക്ക് ജീവിതം സുരക്ഷിതമാകുമെന്ന് കുട്ടികളെയും രക്ഷകർത്താക്കളെയും ബോദ്ധ്യപ്പെടുത്താനാകണം. അതിന് സ്പോർട്സ് ക്വാട്ട നിയമനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കണം. ജോലിയും പരിശീലനവും മത്സര്ളും തുടർന്നുകൊണ്ടുപോകാൻ കഴിയണം. കൃത്യമായ ആസൂത്രണത്തോടെ വേണം കായിക പദ്ധതികൾ തയ്യാറാക്കാൻ. നല്ല നിലയിൽ ഹോസ്റ്റലുകൾ നടത്താൻ കഴിയുന്നില്ലെങ്കിൽ അടച്ചുപൂട്ടണം.
- എം.എസ് വർഗീസ്, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ.