കരിക്കോട് എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷം
കൊല്ലം: കരിക്കോട് ടി.കെ.എം ആർട്സ് കോളേജിന് മുന്നിൽ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എ.ഐ.എസ്.എഫ് ജില്ലാ ഭാരവാഹികൾക്ക് പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ, സെക്രട്ടറി ജോബിൻ ജേക്കബ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി 10ന് കൊല്ലം ഫാത്തിമ കോളേജിന് മുന്നിൽ പുതിയ ബിരുദ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുള്ള കൊടി കെട്ടുന്നതിനെ ചൊല്ലി എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ കരിക്കോട് ടി.കെ.എം കോളേജിന് മുന്നിൽ സ്ഥാപിച്ചിരുന്ന തങ്ങളുടെ ബോർഡുകളും കൊടികളും നശിപ്പിച്ചെന്ന വിവരം ലഭിച്ചതോടെ എ.ഐ.എസ്.എഫ് നേതാക്കൾ 12.30 ഓടെ അവിടേക്ക് പോയി. അവിടെയുണ്ടായിരുന്ന അഞ്ചോളം എസ്.എഫ്.ഐ പ്രവർത്തകരും എ.ഐ.എസ്.എഫ് നേതാക്കളും തമ്മിൽ തർക്കമുണ്ടായി. പിന്നീട് 40 ഓളം എസ്.എഫ്.ഐ പ്രവർത്തകർ കൂടി സ്ഥലത്ത് എത്തിയതോടെ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ വടിയും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് തങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് നേതാക്കൾ ആരോപിച്ചു. എന്നാൽ എ.ഐ.എസ്.എഫ് പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു. പരിക്കേറ്റ എ.ഐ.എസ്.എഫ് നേതാക്കൾ ജില്ലാ ആശുപത്രിയിൽ ചികിത്സ നേടി.
ജില്ലയിൽ ഇന്ന് എ.ഐ.എസ്.എഫ്
വിദ്യാഭ്യാസ ബന്ദ്
എ.ഐ.എസ്.എഫ് ജില്ലാ നേതാക്കൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ, സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം എന്നിവർ അറിയിച്ചു.