രണ്ടിലൊന്നറിയാൻ
ഇന്ത്യ - ഇംഗ്ളണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നുമുതൽ ബർമിംഗ്ഹാമിൽ
ആദ്യ ടെസ്റ്റിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ ഇന്ത്യ
ബർമിംഗ്ഹാം : മുഖ്യപരിശീലകനായി സ്ഥാനമേറ്റശേഷം അവസാനം നടന്ന ഒൻപത് ടെസ്റ്റുകളിൽ ഏഴെണ്ണത്തിലും തോൽവി വഴങ്ങേണ്ടിവന്ന ഗൗതം ഗംഭീറിനും നായകനായുള്ള ആദ്യ ടെസ്റ്റിൽ ജയത്തിന്റെ വക്കിൽ നിന്ന് തോൽവിയിലേക്ക് തെന്നിവീണ ശുഭ്മാൻ ഗില്ലിനും അടുത്ത അഗ്നിപരീക്ഷ ഇന്നുതുടങ്ങുന്നു. ബർമിംഗ്ഹാമിലെ എഡ്ജ് ബാസ്റ്റണിൽ ഇംഗ്ളണ്ടിനെതിരെ ഇന്നാരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ വിജയിച്ചില്ലെങ്കിൽ കോച്ച് കസേരയിൽ ഗംഭീറിന് സ്ഥാനചലനമുണ്ടാകാമെന്ന തരത്തിൽ സമ്മർദ്ദം നിലനിൽക്കുന്ന ഘട്ടത്തിലാണ് രണ്ടാം ടെസ്റ്റിന് തിരിതെളിയുന്നത്.
പുതിയ നായകൻ ശുഭ്മാൻ ഗില്ലിന് കീഴിലിറങ്ങിയ ആദ്യ മത്സരത്തിൽതന്നെ തോൽക്കേണ്ടിവന്നത് ഇന്ത്യൻ ടീമിന് സമ്മർദ്ദം ഉയർത്തിയിട്ടുണ്ട്. രണ്ട് ഇന്നിംഗ്സുകളിലുമായി അഞ്ച് സെഞ്ച്വറികൾ പിറക്കുകയും ആകെ 835 റൺസ് നേടുകയും ചെയ്യേണ്ടിവന്നിട്ടും തോറ്റുപോയി എന്നതാണ് ഏറെ വിഷമകരം.
ബുംറയിൽ തീരുമാനമായില്ല
ആദ്യ ടെസ്റ്റിൽ അൽപ്പമെങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞ ജസ്പ്രീത് ബുംറയെ രണ്ടാം ടെസ്റ്റിൽ കളിപ്പിക്കുമോ എന്നതിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. മത്സരത്തിന് മുമ്പുമാത്രമേ ഇന്ത്യ പ്ളേയിംഗ് ഇലവനെ പ്രഖ്യാപിക്കൂ. വർക്ക്ലോഡ് മാനേജ് ചെയ്യാനായി ബുംറയെ രണ്ടും നാലും ടെസ്റ്റുകളിൽ കളിപ്പിക്കാതിരിക്കാനുള്ള ആദ്യ തീരുമാനത്തിൽ മാറ്റമുണ്ടായേക്കും. കഴിഞ്ഞ ദിവസങ്ങളിൽ ബുംറ നെറ്റ്സിൽ പ്രാക്ടീസ് ചെയ്തിരുന്നു. മത്സരത്തിൽ കളിക്കാനുള്ള ഫിറ്റ്നസ് ബുംറയ്ക്ക് ഉണ്ടെങ്കിലും ടീം മാനേജ്മെന്റാകും അവസാന തീരുമാനമെടുക്കുക.
ആർച്ചർ ഇല്ലാതെ ഇംഗ്ളണ്ട്
രണ്ടാം ടെസ്റ്റിനായി ടീമിൽ ഉൾപ്പെടുത്തിയ പേസർ ജൊഫ്ര ആർച്ചറിനെ ഇംഗ്ളണ്ട് പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. കുടുംബപരമായി കാര്യങ്ങളാൽ ആർച്ചർ കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആർച്ചറെ ടെസ്റ്റ് ടീമിലേക്ക് വിളിപ്പിച്ചത്. ആദ്യ മത്സരത്തിലെ പ്ളേയിംഗ് ഇലവനെത്തന്നെ ഇംഗ്ളണ്ട് നിലനിറുത്തിയിട്ടുണ്ട്.
ഇംഗ്ളണ്ട് പ്ളേയിംഗ് ഇലവൻ സാക്ക് ക്രാവ്ലി, ബെൻ ഡക്കറ്റ്,ഒല്ലീ പോപ്പ്, ജോ റൂട്ട് ,ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് , ക്രിസ് വോക്സ്,ജാമീ സ്മിത്ത്,ബ്രണ്ടൻ കാഴ്സ്,ജോഷ് ടംഗ്, ഷൊയ്ബ് ബഷീർ.
ഇന്ത്യൻ ഇലവൻ ഇവരിൽ നിന്ന് ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), റിഷഭ് പന്ത് ( വൈസ് ക്യാപ്ടൻ), രാഹുൽ, ജയ്സ്വാൾ, സായ് സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ,നിതീഷ്കുമാർ , ജഡേജ,ധ്രുവ് ജുറേൽ,വാഷിംഗ്ടൺ,ശാർദ്ദൂൽ, ബുംറ, മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ, അകാശ്ദീപ്,അർഷ്ദീപ്,കുൽദീപ്,ഹർഷിത് റാണ.
പ്ളേയിംഗ് ഇലവൻ മാറ്റം വന്നേക്കും
1.ആദ്യടെസ്റ്റിലെ പ്ളേയിംഗ് ഇലവനിൽ നിന്ന് കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് സൂചന.
2.ബൗളിംഗിലും ബാറ്റിംഗിലും മികവ് കാട്ടാത്ത ശാർദൂൽ താക്കൂറിനെ മാറ്റി നിതീഷ് കുമാർ റെഡ്ഡിയെ കളിപ്പിക്കാൻ സാദ്ധ്യതയുണ്ട്.
3.രവീന്ദ്ര ജഡേജയേയും കുൽദീപ് യാദവിനെയും സ്പിന്നർമാരായി ഇറക്കാനും ആലോചനയുണ്ട്.
ക്യാപ്ടൻസി
കുട്ടിക്കളിയല്ല
ടെസ്റ്റ് ഫോർമാറ്റിൽ ക്യാപ്ടനായി പരിചയക്കുറവുള്ളത് ഗില്ലിൽ നിഴലിക്കുന്നുണ്ട്. ആദ്യ ടെസ്റ്റിൽ ഗില്ലിന്റെ പല തീരുമാനങ്ങൾക്ക് എതിരെയും വിമർശനമുയർന്നിരുന്നു. ഇതിലും ശരാശരി കളിക്കാരുമായി 2021ൽ ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ പരമ്പര നേടിയപ്പോൾ നിർണായകമായത് അജിങ്ക്യ രഹാനെയുടെ ക്യാപ്‌ടൻസിയാണ്. ക്യാപ്ടൻസിക്ക് ടെസ്റ്റിൽ നിർണായക റോളുണ്ട്.
ഒരു എഡ്ജുമില്ലാത്ത ഇംഗ്ളീഷ് ബാസ്റ്റൺ
രണ്ടാം ടെസ്റ്റ് നടക്കുന്ന ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ടെസ്റ്റിൽ ജയിക്കാൻ ഇന്ത്യൻ ടീമിന് ആയിട്ടില്ല.ഇവിടെ കളിച്ച എട്ട് ടെസ്റ്റുകളിൽ ഏഴിലും ഇന്ത്യ തോറ്റു. 1986-ൽ നേടിയ സമനിലയാണ് ഏക ആശ്വാസം.
ആ വേദിയിൽ ആദ്യം കളിച്ച മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 92 റൺസിനാണ് പുറത്തായത്. 16 ഇന്നിംഗ്സുകളിൽ 300-ന് മുകളിൽ സ്കോർ ചെയ്തത് രണ്ടുതവണ മാത്രം. 390 റൺസാണ് ഇന്ത്യയുടെ ഉയർന്ന സ്കോർ.
പേസിന്റെ പറുദീസ്
പേസ് ബൗളിംഗിനെ പിന്തുണയ്ക്കുന്ന പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്. അവസാന പത്ത് ടെസ്റ്റുകളിൽ പേസർമാർ വീഴ്ത്തിയത് 227 വിക്കറ്റുകളാണ്. സ്പിന്നർമാർക്ക് കിട്ടിയത് 53 വിക്കറ്റ് മാത്രം.
2022ലാണ് ഇന്ത്യ ഇവിടെ അവസാനമായി കളിച്ചത്. അന്ന് വഴങ്ങിയത് ഏഴുവിക്കറ്റ് തോൽവി.