പോക്സോ കേസിൽ പ്രതിക്ക് 73 വർഷം കഠിന തടവ്

Wednesday 02 July 2025 12:16 AM IST

കൊല്ലം: അഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വീട്ടുജോലിക്കാരന് കഠിന തടവും പിഴയും. കൊല്ലം കല്ലുവാതുക്കൽ ഇളംകുളം താഴംകുന്നുംപുറത്ത് വീട്ടിൽ എം.സജീവനെയാണ് (50) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ 73 വർഷവും ആറ് മാസവും കഠിനതടവിനും 85,000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 17മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതനായ കുട്ടിക്ക് നൽകണം. പ്രതി കസ്റ്റഡിയിലായതിനാലും പിഴത്തുക അപര്യാപ്തമായതിനാലും കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിന് ലീഗൽ സർവീസ് അതോറിട്ടിക്ക് കോടതി നിർദ്ദേശം നൽകി.

2023 ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അപ്പൂപ്പന് ചികിത്സാ സഹായത്തിനെത്തിയ പ്രതി, കുട്ടിയെ നിരന്തരമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്ത് മുറിവുകൾ കണ്ട മാതാവ് ചോദിച്ചപ്പോഴാണ് വിവരം അറിയുന്നത്. പിന്നാലെ മണ്ണന്തല പൊലീസിലും സി.ഡബ്ല്യു.സിയിലും വിവരം അറിയിച്ച് കേസെടുത്തു. മണ്ണന്തല പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന പി.സൈജുനാഥ്, ബൈജു എന്നിവരാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ്, അഭിഭാഷകരായ പ്രസന്ന, പ്രണവ് എന്നിവർ ഹാജരായി.