ഓട് പൊളിച്ച് സർക്കാർ മരം; 40 ദിവസമായി ഭയന്ന് വൃദ്ധൻ
കൊല്ലം: കഴിഞ്ഞ 40 ദിവസമായി സർക്കാർ ഉടമസ്ഥതയിലുള്ള മരത്തെ ഭയന്ന് കഴിയുകയാണ് മൺറോത്തുരുത്ത് വിളക്കുംതറ വീട്ടിൽ എൺപത് പിന്നിട്ട ഭരതൻ. വീട്ടിനുള്ളിൽ കയറാനാകുന്നില്ല. പകൽ സമയത്ത് വീടിന്റെ വരാന്തയിലാണ് ഇരിക്കുന്നത്. രാത്രി അകലെയുള്ള മകളുടെ വീട്ടിലാണ് അന്തിയുറങ്ങുന്നത്.
കടപുഴകി അടുക്കളയുടെ മേൽക്കൂര തകർത്ത് തങ്ങിയിരിക്കുന്ന മരം ഭിത്തികൂടി തകർത്ത് തനിക്ക് മീതെ പതിക്കുമോയെന്ന ഭീതിയിലാണ് ഭരതൻ. കണ്ണങ്കാട്ട് കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനായി സർക്കാർ ഏറ്റെടുത്ത അയൽവാസിയുടെ ഭൂമിയിലുള്ളതാണ് ഭരതന്റെ വീടിന്റെ മുകളിൽ പതിച്ചിരിക്കുന്ന മരം. അയൽവാസിക്ക് ഏറ്റെടുത്ത ഭൂമിക്കൊപ്പം അതിലുള്ള ഇപ്പോൾ കടപുഴകിയ മരത്തിനും നഷ്ടപരിഹാരം നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഈ മരം തങ്ങൾ മുറിച്ച് നീക്കിയാൽ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ പ്രതിയാകുമെന്ന ആശങ്കയിലുള്ളതിനാലാണ് ഭരതനും അയൽവാസിയും ഈ മരം മുറിച്ചുനീക്കാത്തത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഭരതൻ പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും കളക്ടർക്കും പരാതി നൽകി ആഴ്ചകളായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മരം പതിച്ച് അടുക്കളയുടെ ഓടുകൾ തകർന്നതിന് പുറമേ ഭിത്തികൾക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്. ഇനിയും മഴയിൽ ഭിത്തികൾ നനഞ്ഞാൽ വീടാകെ നിലംപൊത്താനും സാദ്ധ്യതയുണ്ട്. ഒരു വർഷം മുമ്പ് ഭാര്യ മരിച്ചതിന് ശേഷം ഭരതൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസം.