വിലയിൽ തേങ്ങയെ 'പൊട്ടിക്കും" ചിരട്ട

Wednesday 02 July 2025 12:21 AM IST

കൊല്ലം: തേങ്ങ ചിരവിക്കഴിഞ്ഞാൽ പിന്നെ ചിരട്ടയുടെ സ്ഥാനം അടുപ്പിലോ അടുത്തുള്ള പറമ്പിലോ ആണ്. എന്നാലിനി അങ്ങനെ വലിച്ചെറിയാൻ വരട്ടെ, വിലയിൽ ചില്ലറക്കാരനല്ല ഇപ്പോൾ ചിരട്ട!. കഴിഞ്ഞ ഫെബ്രുവരിയിൽ കിലോയ്ക്ക് എട്ട് രൂപയിൽ കിടന്ന മൊത്തവില ഇപ്പോൾ നാലിരട്ടി ഉയർന്ന് 32 രൂപയിലെത്തി.

നാട്ടിൻപുറത്തെ ആക്രിക്കടകളിൽ 20 മുതൽ 25 രൂപ വരെ ലഭിക്കും. നാളികേരത്തിനൊപ്പം ചിരട്ടയ്ക്കും വില ഉയ‌ർന്നതോടെ നാളികേര വ്യവസായത്തിലെ ഒരു പ്രധാന ഘടകമായി ചിരട്ടയും മാറിയിട്ടുണ്ട്. ചിരട്ടയ്ക്ക് മൂല്യമേറിയതോടെ വീടുകളിലെത്തി പാഴ് വസ്തുക്കൾ ശേഖരിക്കുന്നവർ ഇപ്പോൾ പ്രധാനമായും തേടുന്നതും ചിരട്ടയാണ്.

സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിന് ചിരട്ട ഒരു പ്രധാന ഘടകമാണ്. ഇതിന് പുറമെ പഴച്ചാർ, പഞ്ചസാര, വെള്ളം എന്നിവ ശുദ്ധീകരിക്കുന്നതിന് ചിരട്ടക്കരി ഉപയോഗിക്കുന്നുണ്ട്. കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാർ വിദേശത്തേക്ക് കയറ്റി അയക്കുന്നതിനും തമിഴ്നാട്ടിലെ ആക്ടിവേറ്റഡ് കാർബൺ നിർമ്മാണ കമ്പനിക്കായുമാണ് ചിരട്ട ശേഖരിക്കുന്നത്.നാളികേരം സുലഭമായ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ആക്രിക്കടകളിൽ നിന്ന് ചില മാസങ്ങളിൽ നാല് മുതൽ ആറ് ലോഡ് ചിരട്ട വരെ കയറ്റി അയയ്ക്കാറുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

ഓൺലൈനിൽ കേമൻ

 ഓൺലൈൻ വിൽപ്പന സൈറ്റുകളിലും ചിരട്ട താരം

 പ്രകൃതിജന്യം, ജൈവം, പ്രകൃതിസൗഹൃദം, കൈകൊണ്ടുണ്ടാക്കിയത് തുടങ്ങിയ വിശേഷണങ്ങൾ

 രാകിമിനുക്കി ചായ, ഐസ്ക്രീം കപ്പായും ഉപയോഗിക്കുന്നു

 ചില കപ്പുകൾക്കൊപ്പം തടി സ്പൂണും ഓഫറും

 പോളിഷ് ചെയ്ത ചിരട്ടകൊണ്ടുള്ള കൗതുക വസ്തുക്കൾക്ക് ഉയർന്ന വില

ചിരട്ട മൊത്തവില (കിലോയ്ക്ക്)

₹ 32

ചിരട്ടക്കപ്പുകളുടെ

ഓൺലൈൻ വില

₹ 249-349

വിദേശനാണ്യം നേടിത്തരുന്ന നല്ലൊരു വ്യാവസായിക വസ്തുവായി ചിരട്ടക്കരി മാറി. ഇതാണ് വിപണി മൂല്യം ഉയരാൻ കാരണം.

വ്യാപാരികൾ