കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് പുതിയ വിമാനം; ആഴ്ചയില്‍ നാല് സര്‍വീസുകള്‍

Wednesday 02 July 2025 12:21 AM IST

നെടുമ്പാശേരി: ആകാശ എയര്‍ കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ആഴ്ചയില്‍ നാല് സര്‍വീസുകള്‍ വീതം ഉണ്ടാകും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ ഓരോ സര്‍വീസും ഞായറാഴ്ചകളില്‍ രണ്ട് സര്‍വീസ് വീതവും ഉണ്ടാകും.

ശനി, തിങ്കള്‍ ദിവസങ്ങളില്‍ വൈകിട്ട് 6.10ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.55ന് ജിദ്ദയിലെത്തും. തിരിച്ച് പിറ്റേന്ന് രാവിലെ 6.45ന് കൊച്ചിയിലെത്തും. ഞായറാഴ്ചകളില്‍ ആദ്യ വിമാനം പുലര്‍ച്ചെ മൂന്നിന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 6.45 ന് ജിദ്ദയിലെത്തും. മടക്ക് വിമാനം 7.45ന് പുറപ്പെട്ട് വൈകിട്ട് 4.45ന് കൊച്ചിയിലെത്തും. രണ്ടാമത്തെ വിമാനം രാത്രി 8.45ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 1.10ന് ജിദ്ദയിലെത്തും. മടക്ക് വിമാനം രാവിലെ 10.10ന് കൊച്ചിയിലെത്തും. ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. 186 ഇക്കോണമി ക്ലാസ് സീറ്റുകളുണ്ടാകും.

ആകാശ എയര്‍ ജനറല്‍ മാനേജര്‍ (സൗത്ത്, ഈസ്റ്റ് ഇന്ത്യ) മുരളിദാസ് മേനോന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു. റീജനല്‍ മാനേജര്‍ (സൗത്ത് ഇന്ത്യ) പ്രവീണ്‍ ഷണ്‍മുഖം, സിയാല്‍ ജനറല്‍ മാനേജര്‍ (എയ്റോ കൊമേഴ്സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്) ആര്‍. രാജേഷ്, ആകാശ എയര്‍ എയര്‍പോര്‍ട്ട് മാനേജര്‍ ഗോപീകൃഷ്ണന്‍, സെയില്‍സ് മാനേജര്‍ (കേരള, തമിഴ്നാട്) സുധീഷ് മംഗലശേരി എന്നിവര്‍ പങ്കെടുത്തു.