നന്ദി, ഡോ.ഹാരിസ് ഉപകരണങ്ങൾ മിന്നൽവേഗത്തിൽ യൂറോളജിയിൽ ഇന്നലെ 11 ശസ്ത്രക്രിയ ഹോസ്പിറ്റൽ സൊസൈറ്റിയും സൂപ്രണ്ടും കടുത്ത അലംഭാവം കാട്ടി

Wednesday 02 July 2025 2:05 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗികളുടെ ജീവൻ വച്ച് പന്താടുന്ന സർക്കാർ സംവിധാനങ്ങൾക്കെതിരെ ഏകനായി പാേരാടാനിറങ്ങിയ ഡോ.ഹാരിസ് ലക്ഷ്യം കണ്ടു. യൂറോളജി വിഭാഗം മേധാവിയായ അദ്ദേഹം ആവശ്യപ്പെട്ട ശസ്ത്രക്രിയ ഉപകരണമായ ലാത്തേക്ലാസ്റ്റ് പ്രോബ് ഹൈദരാബാദിൽ നിന്ന് വിമാനമാർഗം എത്തിച്ചു.

വെള്ളിയാഴ്ച മുതൽ മുടങ്ങിയ ശസ്ത്രക്രിയകൾ ഇന്നലെ നടത്തി. 11 ശസ്ത്രക്രിയകളാണ് നടത്തിയത്. അഞ്ചെണ്ണം പ്രോബ് ഉപയോഗിച്ചുള്ള മൂത്രാശയത്തിലെ കല്ല് പൊടിക്കലും അനുബന്ധ ശസ്ത്രക്രിയകളുമായിരുന്നു. രണ്ടുപ്രോബുകളാണ് എത്തിച്ചത്. ഇവ ഒരു മാസത്തോളം ഉപയോഗിക്കാം. രണ്ടുദിവസത്തിനുള്ളിൽ ഒരെണ്ണം കൂടിയെത്തും.

സൂപ്രണ്ടിനെ മാറ്റിയേക്കും,​ കാരണം?​

ഡോ.ഹാരിസ് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നാലംഗ സമിതിയുടെ അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് അടിയന്തരമായി ആരോഗ്യമന്ത്രിക്ക് കൈമാറും. സൂപ്രണ്ടിനെ മാറ്റുമെന്നാണ് സൂചന.

1. ഡോ.ഹാരിസ് ആവശ്യപ്പെട്ട ഉപകരണങ്ങൾ അടിയന്തരമായി ലഭ്യമാക്കുന്നതിൽ ആശുപത്രി വികസന സമിതിയും അതിന്റെ സെക്രട്ടറിയായ സൂപ്രണ്ടും ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ.

2. ഫയലുകൾ യഥാസമയം തീർപ്പാക്കിയില്ല. ജീവനക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കാട്ടുന്ന ശുഷ്കാന്തി രോഗികളുടെയോ ചികിത്സയുടെയോ കാര്യത്തിൽ ഉണ്ടാവുന്നില്ലെന്നാണ് സമിതി വിലയിരുത്തിയതെന്ന് അറിയുന്നു.

ആ യുവാവ് ഹാപ്പി

ആശുപത്രിയിലെ പ്രശ്നങ്ങൾ തുറന്നടിക്കാൻ ഇടയാക്കുന്ന വിധത്തിൽ അവസാന നിമിഷം മുടങ്ങിയ 23കാരനായ കാർഷിക കോളേജ് വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ ഡോ.ഹാരിസ് തന്നെ ഇന്നലെ നേരിട്ട് നടത്തി.

വിദ്യാർത്ഥിയുടെ ഗുരുതരാവസ്ഥ കണ്ട് ശസ്ത്രക്രിയ അടിയന്തരമായി നടത്താൻ തീരുമാനിച്ച ഡോ.ഹാരിസിന് ഉപകരണം ഇല്ലാത്തതിനാൽ പിൻമാറേണ്ടിവന്നിരുന്നു. അതിന്റെ മനോവേദനയിലാണ് അനാസ്ഥയും പരാധീനതകളും തുറന്നടിച്ചത്. യുവാവ് സുഖം പ്രാപിച്ചു വരുന്നു.