'മുഖ്യമന്ത്രി ഗുരുതുല്യൻ, നടപടി ഉണ്ടായാലും നിലപാട് തുടരും'; പിന്മാറാതെ ഡാേ.  ഹാരിസ്

Wednesday 02 July 2025 11:10 AM IST

തിരുവനന്തപുരം: എന്തുസംഭവിച്ചാലും തന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡാേക്ടർ ഹാരിസ്. മെഡിക്കൽ കോളേജിൽ രോഗികളുടെ ജീവൻ വച്ച് പന്താടുന്ന സർക്കാർ സംവിധാനങ്ങൾക്കെതിരെ തുറന്നുപറച്ചിലുമായി കഴിഞ്ഞദിവസമാണ് ഡോക്ടർ ഒറ്റയാൾ പാേരാട്ടത്തിനിറങ്ങിയത്. തുടർന്ന് മുഖ്യമന്ത്രിയും പാർട്ടിയും മന്ത്രിമാരും അദ്ദേഹത്തിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് നിലപാടിൽ മാറ്റമില്ലെന്ന പ്രതികരണവുമായി ഡാേക്ടർ ഹാരിസ് മുന്നോട്ടുവന്നത്.

' ഞാൻ ചെയ്തത് പ്രൊഫഷണൽ സൂയിസൈഡാണ്. എനിക്കെതിരെ നടപടി ഉണ്ടായാലും നിലപാട് തുടരും . മുഖ്യമന്ത്രിയെയും മന്ത്രിസഭയേയും കു​റ്റപ്പെടുത്തിയില്ല. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്നങ്ങൾ പരിഹരിച്ചാൽ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകും. മുഖ്യമന്ത്രിയുടെ കു​റ്റപ്പെടുത്തലിൽ വിഷമമില്ല. അദ്ദേഹം ഗുരുനാഥന് തുല്യനാണ്. എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞത്'- ഹാരിസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഹാരിസിന് പിന്തുണയുമായി ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് ശസ്ത്രക്രിയ മുടങ്ങിയ സാഹചര്യമുൾപ്പെടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ഥിതി യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് തുറന്നുപറഞ്ഞത്. അന്വേഷണ സംഘത്തിന് മുന്നിലും തെളിവു സഹിതം നിരത്തി.ചുമതലയേറ്റശേഷം മാറ്റിവയ്ക്കേണ്ടിവന്ന ശസ്ത്രക്രിയകളുടെ എണ്ണം, ഉപകരണത്തിനായി പലവട്ടം നൽകിയ അപേക്ഷകളുടെ പകർപ്പ്, ഉപകരണം വാങ്ങാനായി രോഗികളെകൊണ്ട് നേരിട്ട് കമ്പനിയ്ക്ക് പണം നൽകിയതിന്റെ തെളിവുകൾ ഉൾപ്പെടെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഡോക്ടറുടെ തുറന്നുപറച്ചിലിന് പിന്നാലെ കഴിഞ്ഞദിവസം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ എത്തിയിരുന്നു.

.