മരങ്ങൾ മാത്രമല്ല ഭൂമിയെ വൃത്തിയായി സൂക്ഷിക്കുന്നതിൽ ഈ കുഞ്ഞന്മാർക്കുമുണ്ട് ഒരു പങ്ക്, ഗവേഷകർ കണ്ടെത്തിയതിങ്ങനെ
പൂക്കളും പുഴുക്കളും പക്ഷിമൃഗാദികളും മണ്ണും മരങ്ങളും എല്ലാം നമ്മുടെ ഭൂമിയെ ഭംഗിയായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ്. മരങ്ങൾ കാർബൺ ഡയോക്‌സൈഡ് വലിച്ചെടുത്ത് പ്രകാശസംശ്ളേഷണ ശേഷം ഓക്‌സിജൻ പുറത്തുവിടുന്നതായി നാം പഠിച്ചിട്ടുണ്ട്. നമുക്ക് ശ്വസിക്കാൻ ആവശ്യമായ ശുദ്ധമായ ഓക്‌സിജൻ ഇങ്ങനെയൊക്കെയാണ് അന്തരീക്ഷത്തിൽ നിറയുന്നത്. എന്നാൽ മരങ്ങളെപ്പോലെ നമുക്ക് ചുറ്റുമുള്ള മറ്റൊരു വസ്‌തുവും ഇത്തരത്തിൽ കാർബൺ ഡയോക്‌സൈഡിനെ വലിച്ചെടുത്ത് ചുറ്റുപാടിനെ ശുദ്ധമാക്കുന്നുണ്ട്.
കണ്ടാൽ അത്ര ഭംഗി തോന്നില്ലെങ്കിലും പായലുകളും പൂപ്പലുകളും നമ്മുടെ ചുറ്റുപാടും വൃത്തിയാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നവയാണ്. ഭൂമിയിലെ ഏത് ചെടികളെക്കാളും മരങ്ങളെക്കാളും കൂടുതൽ കാർബൺ ഡയോക്‌സൈഡ് വലിച്ചെടുക്കാൻ നാം ഒരുപയോഗവും ഇല്ല എന്ന് കരുതുന്ന പായലുകൾക്കാകും. മരങ്ങളുടെ തടിയിലും ഇലകളിലും അവ കാർബൺ ആഗിരണം ചെയ്‌ത് സൂക്ഷിക്കുന്നെങ്കിൽ പായലും പൂപ്പലും അവ മണ്ണിൽ തന്നെ അടക്കിനിർത്തും. ഇത് വനങ്ങളിലും മറ്റും ഭൂമി മികച്ചതാകാൻ സഹായിക്കും.
പൂപ്പലുകൾക്കും പായലുകൾക്കും വളരാൻ മണ്ണ് ആവശ്യമില്ല. റൈസോയിഡുകൾ എന്ന വസ്‌തുക്കൾ ഉപയോഗിച്ച് ഇവ മരങ്ങളുടെ പുറംതൊലിയിലോ, കല്ലുകളിലോ, എന്തിനുപറയുന്നു വീടുകളിലെ ചുമരുകളിൽ വരെ പൂപ്പലുകൾക്കും പായലുകൾക്കും വളരാൻ കഴിയും.
നഗരങ്ങളിൽ കൂടുതലായി പായലുകളുണ്ടാകുമ്പോൾ അവ പരിസ്ഥിതി ശുദ്ധമാകാൻ സഹായിക്കും. മണ്ണിനെ പൂപ്പലുകളും മറ്റും പിടിച്ചുനിർത്തും. ഇതിലൂടെ ജലാംശം നിലനിൽക്കും, ഫംഗസുകളെയെല്ലാം വളർത്തുന്നതിലൂടെ മണ്ണിനെ വളക്കൂറുള്ളതാക്കും. വിഷാംശമുള്ള ഖനലോഹങ്ങളെ പിടിച്ചെടുത്ത് നിർവീര്യമാക്കുന്നതിൽ മരങ്ങളെക്കാൾ കൂടുതൽ സഹായിക്കുക പൂപ്പലുകളും പായലുകളുമാണ്. ഇത്തരത്തിൽ വായുമലിനീകരണത്തെ ഇല്ലാതാക്കാൻ ഇവ ഉപകാരപ്രദമാണ്.