ബുംറയ്‌ക്ക് പകരം ആകാശ് ദിപ്, സായ് സുദർശനും ഠാക്കൂറും ഇല്ല, എഡ്‌ജ്‌ബാസ്റ്റണിൽ ടോസ് ഇന്ത്യയ്‌ക്ക്, രാഹുൽ പുറത്ത്
ബിർമിംഗ്‌ഹാം: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ളണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ജയ്‌സ്വാളും കെ എൽ രാഹുലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്‌തത്. എന്നാൽ തുടക്കത്തിലേ രാഹുലിനെ (2) ഇന്ത്യയ്‌ക്ക് നഷ്‌ടമായി. പരിക്കേറ്റ പേസ് ബൗളർ ജോഫ്ര ആർച്ചറെ ഇംഗ്ളണ്ട് പ്ളേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി. അതേസമയം ഇന്ത്യ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്.
ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ജസ്‌പ്രീത് ബുംറ ഇന്ന് പ്ളേയിംഗ് ഇലവനിലില്ല. പകരം പേസർ ആകാശ് ദീപ് ആണ് ഇടംപിടിച്ചത്. ഒന്നാം ടെസ്റ്റിൽ നിറം മങ്ങിയ ഓൾറൗണ്ടർ ശാർദ്ദുൽ ഠാക്കൂർ, ഇടംകൈ ബാറ്റർ സായ് സുദർശൻ എന്നിവരും ഇന്ന് പുറത്താണ്. പകരം നിതീഷ് കുമാർ റെഡ്‌ഡി, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ ഇടംപിടിച്ചു.
ഒന്നാം ടെസ്‌റ്റിൽ തീരെ തിളങ്ങാനാകാത്ത പേസ് ബൗളർമാർ പ്രസീദ്ദ് കൃഷ്‌ണ, മുഹമ്മദ് സിറാജ് എന്നിവർ ഇന്നും ടീമിൽ ഇടംപിടിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരത്തിൽ അഞ്ച് സെഞ്ച്വറികൾ നേടിയിട്ടും 371 റൺസ് വിജയലക്ഷ്യം നൽകിയിട്ടും ഇംഗ്ളണ്ട് ജയിച്ചത് ഇന്ത്യൻ ആരാധകരുടെ രൂക്ഷവിമർശനം ഏൽക്കുന്നതിന് ഇടയാക്കിയിരുന്നു. ഇതാണ് പ്രധാന മാറ്റങ്ങൾ വരുത്താൻ ഇടയാക്കിയത്.