തിരുവനന്തപുരത്ത്‌ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം കേരള ടൂറിസത്തിന്റെ ഭാഗം, പരസ്യത്തിൽ ഇടംപിടിച്ച് എഫ്-35

Wednesday 02 July 2025 5:18 PM IST

തിരുവനനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയതാണ് എഫ്-35 ബ്രിട്ടീഷ് യുദ്ധവിമാനം. ഇതിനിടെ ഈ വിമാനത്തെ തങ്ങളുടെ പരസ്യത്തിന്റെ ഭാഗമായി ഉപയോഗിച്ചിരിക്കുകയാണ് കേരള ടൂറിസം. കേരളം അതിമനോഹരമായ സ്ഥലമെന്നും എനിക്ക് വിട്ടുപോകാൻ തോന്നുന്നില്ല എന്ന് വിമാനം പറയുന്ന തരത്തിലുള്ളതാണ് പരസ്യം. സമൂഹമാദ്ധ്യമങ്ങളിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ് ഈ പരസ്യം.

രണ്ടാഴ്‌ച മുൻപാണ് ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്. ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവ് പരിഹരിക്കാനാകാത്തതിനെ തുടർന്ന് വിമാനം എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് നീക്കുമെന്ന് റിപ്പോർട്ടുകളുണ്ടായി.

യുദ്ധവിമാനത്തിന്റെ പ്രശ്നങ്ങൾ പരിശോധിക്കാനായി വിദഗ്ദ്ധസംഘം വൈകാതെ തിരുവനന്തപുരത്തെത്തും എന്നാണ് ബ്രിട്ടൻ വ്യക്തമാക്കിയത്. വിമാനം നിർമ്മിച്ച കമ്പനിയുടെ എൻജിനീയർമാരും ഇതിൽ ഉണ്ടാവും. അവർ എത്തുന്നതോടെ പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ച് വിമാനം കൊണ്ടുപോകാൻ കഴിയും എന്നാണ് പ്രതീക്ഷ.

ലോകത്തെ ഏറ്റവും ചെലവേറിയ യുദ്ധവിമാനമാണ് അമേരിക്കൻ നിർമ്മിത എഫ്35ബി. അതിനാൽ തന്നെ ഇതിന്റെ സാങ്കേതിക വിദ്യകൾ മറ്റാരെങ്കിലും പരിശോധിക്കുമാേ എന്ന് ബ്രിട്ടന് ഭയമുണ്ട്. അതിനാലാണ് ഹാങ്കർ യൂണിറ്റിലേക്ക് മാറ്റാമെന്ന എയർ ഇന്ത്യയുടെ വാഗ്ദാനം റോയൽ നേവി ആദ്യം നിരസിച്ചതെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ നാവികസേനയുമായി ചേർന്ന് സംയുക്ത അഭ്യാസം പൂർത്തിയാക്കിയ ബ്രിട്ടന്റെ എച്ച്എംഎസ് പ്രിൻസ് ഒഫ് വെയിൽസ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത്.