ഗവർണറുടെ പരിപാടിയ്‌ക്ക് അനുമതി നിഷേധിച്ചു: കേരള സ‌‌ർവകലാശാല രജിസ്ട്രാർക്ക് സസ്‌പെൻഷൻ

Wednesday 02 July 2025 5:41 PM IST

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തെ തുടർന്ന് ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് സർവകലാശാലയിൽ അനുമതി നിഷേധിച്ച കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്‌തു. ജോയിന്റ് രജിസ്‌ട്രാർ പി ഹരികുമാറിന് പകരം ചുമതല നൽകും.

അടിയന്തരാവസ്ഥയുടെ അൻപതാണ്ട് പ്രമാണിച്ച് സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച ഗവർണ‌ർ പങ്കെടുക്കുന്ന പരിപാടിയ്‌ക്ക് കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചതോടെ സ്ഥലത്ത് എസ്‌എഫ്‌ഐ, കെഎസ്‌യുവടക്കം പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചതാണ് ഇപ്പോൾ അസാധാരണ നടപടിയ്‌ക്ക് കാരണമായത്.

വിസിയുടെ നടപടിക്കെതിരെ എസ്‌എഫ്ഐ ശക്തമായി പ്രതികരിച്ചു. അതേസമയം സസ്‌പെൻഷൻ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാർ കെ എസ് അനിൽകുമാർ പ്രതികരിച്ചു. സസ്‌പെൻഷന്റെ കാരണങ്ങൾ ശരിയല്ലെന്നും ഗവർണർ വേദിയിലെത്തിയ ശേഷം പരിപാടിയ്‌ക്ക് അനുമതി നിഷേധിച്ചു എന്ന വിസിയുടെ കണ്ടെത്തൽ തെറ്റാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

രാജ്‌ഭവനിൽ സർക്കാർ പരിപാടികൾക്ക് ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതിൽ സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. രാജ്‌ഭവനിലെ ചടങ്ങിനിടെ ഭാരതാംബ ചിത്രം സ്ഥാപിച്ചത് കണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരിപാടി ബഹിഷ്‌കരിച്ചത് അടുത്തിടെയാണ്. ഈ തർക്കത്തിൽ ഏറ്റവും പുതിയതാണ് ഇന്നത്തെ അസാധാരണമായ സസ്‌പെൻഷൻ നടപടി.