ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലെ ആന ഓമല്ലൂർ മണികണ്‌ഠൻ ചരിഞ്ഞു
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ ഓമല്ലൂർ മണികണ്‌ഠൻ ചരിഞ്ഞു. എരണ്ടക്കെട്ടിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ചലച്ചിത്ര താരം കെ ആർ വിജയ ശബരിമല ക്ഷേത്രത്തിൽ നടയ്‌ക്കിരുത്തിയ ആനയാണ് മണികണ്‌ഠൻ. ഈ സമയം ഓമല്ലൂർ ക്ഷേത്രത്തിൽ ആനയില്ലാതിരുന്നതിനെ തുടർന്ന് ക്ഷേത്രത്തിലെത്തിച്ചതോടെയാണ് ഓമല്ലൂർ മണികണ്‌ഠൻ ആയിമാറിയത്. മൂന്ന് പതിറ്റാണ്ട് മുൻപ് ബീഹാറിലെ പ്രശസ്‌തമായ സോൻപൂർ മേളയിൽ നിന്നാണ് മണികണ്‌ഠൻ കേരളത്തിലെത്തുന്നത്. നാണു എഴുത്തച്ഛൻ ഗ്രൂപ്പാണ് ആനയെ കേരളത്തിലേക്ക് എത്തിച്ചത്.
ശബരിമല ധർമ്മശാസ്‌താ ക്ഷേത്രം, ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ധർമ്മശാസ്‌താ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഉദയനാപുരം ക്ഷേത്രം എന്നിങ്ങനെ ബോർഡിന് കീഴിലെ വിവിധ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾക്ക് മണികണ്‌ഠൻ തിടമ്പേറ്റിയിട്ടുണ്ട്.