കരാറുകാരുടെ ഡെപ്പോസിറ്റ് കുറയ്ക്കും: മന്ത്രി ബാലഗോപാൽ

Thursday 03 July 2025 1:33 AM IST

തിരുവനന്തപുരം: ഗവ. കരാറുകാരിലെ സി, ഡി ഗ്രൂപ്പുകളിൽ പെടുന്നവർക്കുള്ള ഡെപ്പോസിറ്റ് തുക കുറയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജൽജീവൻമിഷൻ പോലുള്ള പദ്ധതികളിൽ പുറത്തുനിന്നുള്ളവർ കരാറെടുത്തശേഷം അവരെ കണ്ടുകിട്ടാത്ത സ്ഥിതി പലപ്പോഴുമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഫെഡറേഷൻ പ്രസിഡന്റ് വി. ജോയി എം.എൽ.എ അദ്ധ്യക്ഷനായി. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കരമന ഹരി, കെ.ജെ. വർഗീസ് എന്നിവർ സംസാരിച്ചു. വി.കെ.സി. മമ്മദ്‌കോയ, കാലടി ശശികുമാർ, പി.വി. കൃഷ്ണൻ, പി. മോഹൻദാസ്, പി.എം. ഉണ്ണിക്കൃഷ്ണൻ, സി. രാധാകൃഷ്ണക്കുറുപ്പ്, ചീരാണിക്കര സുരേഷ് എന്നിവർ സംസാരിച്ചു.

ഭൂഗർഭപാത പ്രധാനം: മന്ത്രി റിയാസ്
ജനസാന്ദ്രതയേറിയ കേരളം ഭൂഗർഭപാതകളെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാലമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ഭൂലഭ്യത വളരെ കുറഞ്ഞ നമ്മുടെ നാട്ടിൽ പുതിയ റോഡും പാലവും ഉണ്ടാക്കാൻ സ്ഥലമേറ്റെടുക്കുന്നത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് 25 ഇരട്ടി തുക മുടക്കിയാണ്. പ്രവൃത്തി കൃത്യസമയത്ത് പൂർത്തീകരിക്കുന്നവർക്കുള്ള ഇൻസെന്റീവ് തുടരുമെന്നും മന്ത്രി പറഞ്ഞു.