നിക്ഷേപ പലിശ കുറച്ച് കേരള ബാങ്ക്

Thursday 03 July 2025 1:47 AM IST

തിരുവനന്തപുരം: കേരള ബാങ്ക് ദീർഘകാല നിക്ഷേപത്തിന്റെ പലിശയിൽ കുറവു വരുത്തി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നതുൾപ്പെടെ എല്ലാ നിക്ഷേപങ്ങൾക്കും നിരക്കുമാറ്റം ജൂലായ് 1 മുതൽ ബാധകമാണ്. റിസർവ് ബാങ്കിന്റെ ഷെഡ്യൂൾ പ്രകാരമാണ് കേരള ബാങ്കിലും പലിശ പുതുക്കി നിശ്ചയിച്ചത്. മൂന്ന് തവണകളിലായി റിസർവ്വ് ബാങ്ക് റിപ്പോ നിരക്കിൽ 1%കുറവ് വരുത്തി.ഇതിന് ആനുപാതികമായി കേരള ബാങ്ക് നിക്ഷേപപലിശനിരക്കിൽ 0.25%മുതൽ 0.85% വരെയാണ് കുറവ് വരുത്തിയത്.

കേരള ബാങ്ക് നിക്ഷേപങ്ങൾക്കു പലിശ കുറയ്ക്കുന്നതോടെ പ്രാഥമിക സംഘങ്ങൾ ഉൾപ്പെടെ എല്ലാ സഹകരണ സ്ഥാപനങ്ങളും പലിശ നിരക്ക് കുറയ്‌ക്കേണ്ടി വരും.നിരക്ക് പരിഷ്കരണം സഹകരണസംഘങ്ങൾക്ക് മാത്രമല്ല വ്യക്തിഗത നിക്ഷേപത്തിനും ബാധകമാണ്. 15ലക്ഷത്തിന് മേലുള്ള ബൾക്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് 180 ദിവസം മുതൽ 364ദിവസം വരെ 7.85%ത്തിൽ നിന്ന് 7.50% ആയി കുറച്ചു. ഒരു വർഷം മുതൽ രണ്ടുവർഷം വരെയുള്ള നിക്ഷേപത്തിന് 7.85%ത്തിൽ നിന്ന് 7.60%നിരക്കും നൽകും.

കേരള ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക് (പഴയ നിരക്ക് ബ്രാക്കറ്റിൽ)

7 ദിവസം മുതൽ 14ദിവസം വരെ 4% (-)

15 ദിവസം മുതൽ 45 ദിവസം വരെ 5.50% (6%)

46 ദിവസം മുതൽ 90 ദിവസം വരെ 6% (6.5%)

91 ദിവസം മുതൽ 179 ദിവസം വരെ 6.5% (7.00%)

180 ദിവസം മുതൽ 364 ദിവസം വരെ 7% (7.35%)

ഒരു വർഷം മുതൽ 2 വർഷത്തിന് താഴെ 7.10% (7.75%)

2 വർഷവും അതിലേറെയുമുള്ള നിക്ഷേപത്തിനു പലിശ 7% (7.85%)