ഡോ. ഹാരിസിനെതിരെ ഗോവിന്ദൻ പ്രതിപക്ഷത്തിന് ആയുധം നൽകി, പാർട്ടി മുഖപത്രത്തിലും വിമർശനം

Thursday 03 July 2025 1:49 AM IST

തിരുവനന്തപുരം: ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയത് തുറന്നു പറഞ്ഞ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പാർട്ടി മുഖപത്രവും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഹാരിസിനെ പരോക്ഷമായി വിമർശിച്ചതിനു പിന്നാലെയാണിത്.

വിഷയങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതുപോലെ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടതെന്നും അല്ലാതാവുമ്പോഴാണ് വിമർശിക്കേണ്ടി വരുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷത്തിന് ആയുധം നൽകിയിട്ട് സമരം വേണ്ടെന്ന് പറയുന്നതിൽ കാര്യമില്ലല്ലോ. മുഖ്യമന്ത്രി വിമർശന ഭാഷയിൽ തന്നെയാണ് പ്രതികരിച്ചതെന്നും അതിൽ എന്താണ് കുഴപ്പമെന്നും ഗോവിന്ദൻ ചോദിച്ചു.

ഡോ. ഹാരിസിന്റെ പേരെടുത്ത് പറയാതെയായിരുന്നു പാർട്ടി പത്രത്തിലെ വിമർശനം. പിഴവ് ചൂണ്ടിക്കാണിക്കുന്നതും തിരുത്താൻ ശ്രമിക്കുന്നതും മനസിലാക്കാം. അതും, ഒരു പോരായ്മയുടെ പേരിൽ മുച്ചൂടും തകർക്കാനുള്ള ശ്രമവും പക്ഷേ ഒരുപോലെ കാണാനാവില്ലെന്നാണ് മുഖപ്രസംഗത്തിലെ വിമർശനം.

ഉന്നയിക്കപ്പെട്ട ഒറ്റപ്പെട്ട പ്രശ്നം പരിഹരിച്ചു. ഇത് ആവർത്തിക്കാതിരിക്കാനുള്ള സത്വര നടപടികളിലേക്കും സർക്കാർ കടന്നു. എന്നാൽ, ഇതിന്റെ പേരിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയാകെ തകർന്നെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനം താറുമാറാക്കാനുമാണ് പ്രതിപക്ഷവും അവരുടെ കുഴലൂത്തുകാരായ മാദ്ധ്യമങ്ങളും ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

'സ്ഥാനത്തിന് യോജിക്കാത്ത നടപടി'

ഡോ. ഹാരിസിന്റെ നടപടി അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ലെന്ന് മന്ത്രി സജി ചെറിയാൻ. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിലപ്പോൾ പഞ്ഞിയോ മരുന്നോ ഉപകരണങ്ങളോ കുറഞ്ഞുകാണും. ഇല്ലെന്നു പറയുന്നില്ല. ഡോക്ടർ അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തതാണെങ്കിലും ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല.

'അത് ഒഴിവാക്കാമായിരുന്നു'

പ്രതിപക്ഷത്തിന് അടിക്കാൻ വടികൊടുക്കുകയാണ് ഡോ.ഹാരിസ് ചെയ്തതെന്ന് മന്ത്രി ജി.ആർ.അനിൽ. ചെറിയ പിഴവിനെ കേരളത്തിലെ ആരോഗ്യരംഗത്തിന്റെ പൊതു ചിത്രമായി പ്രചരിപ്പിക്കപ്പെട്ടു. അത് ഒഴിവാക്കാമായിരുന്നു.