കൂട്ടംതെറ്റി​യെത്തി​, കൂട്ടുകാരനായി​

Thursday 03 July 2025 12:56 AM IST

കോന്നി : ഇക്കോ ടൂറിസം സെന്ററിലെ സന്ദർശകരുടെ കണ്ണിലുണ്ണിയായി​രുന്ന കൊച്ചയ്യപ്പൻ ചരിഞ്ഞത് പാപ്പാൻ ഷംസുദ്ദീനെയും ഇക്കോ ടൂറിസം സെന്ററിലെ വനിത ജീവനക്കാരെയും കണ്ണീരിലാഴ്ത്തി​. ഇന്നലെ രാവിലെ വിവരം അറിയാതെ ജോലിക്ക് എത്തിയ ജീവനക്കാരും പാപ്പാൻ ഷംസുദ്ദീനും വിതുമ്പുകയായിരുന്നു. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഗൂഡ്രിക്കൽ റേഞ്ചിലെ കിളിയെറിഞ്ഞാൻകല്ല് ജനവാസമേഖലയിൽ നിന്ന് 2021 ഓഗസ്റ്റ് 19 നാണ് വനപാലകർക്ക് കുട്ടിക്കൊമ്പനെ കിട്ടുന്നത്. കനത്ത മഴയിൽ, വേലുത്തോട്ടിൽ നിന്ന് കൂട്ടം തെറ്റിയ കൊമ്പനെ കിളിയെറിഞ്ഞാൻകല്ലിൽ പ്രദേശത്ത് കാണുകയായി​രുന്നു. മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയാനയെ ആനക്കൂട്ടത്തിനൊപ്പം വിടാൻ വനംവകുപ്പ് അന്ന് ശ്രമങ്ങൾ നടത്തി​യെങ്കി​ലും ഫലം കണ്ടി​ല്ല.

തുടർന്ന് കുട്ടിയാനയുമായി വനപാലകർ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കു മടങ്ങി. കൊച്ചുകോയിക്കൽ സ്റ്റേഷനിലെ താൽക്കാലിക കൂട്ടിലെ വാസം 21ാം ദിവസം അവസാനിപ്പിച്ച് 2021സെപ്റ്റംബർ 9ന് കോന്നി ആനക്കൂട്ടിലേക്കു മാറ്റി.