ഹെർപ്പിസ് രോഗമോ ?
കോന്നി : ഇക്കോ ടൂറിസം സെന്ററിലെ കുട്ടിയാനകൾ ചരിയുന്നതിനെ തുടർന്നുണ്ടായ വിവാദങ്ങൾ കോന്നി ആനക്കൂടിനെ വിട്ടൊഴിയുന്നില്ല. കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ ഇവിടെ ചരിഞ്ഞത് നിരവധി ആനകളാണ്. കൽപ്പന, അമ്മു, ലക്ഷ്മി, ഇന്ദ്രജിത്ത്, ജൂനിയർ സുരേന്ദ്രൻ, പിഞ്ചു, മണിയൻ, കോടനാട് നീലകണ്ഠൻ, ഒടുവിൽ കൊച്ചയ്യപ്പനും.
കേന്ദ്ര പ്രോജക്ട് എലിഫെന്റ് ഡയറക്ടർ കോന്നിയിലെ ആനകളുടെ ദുരൂഹമരണത്തെക്കുറിച്ച് കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മുൻപ് വിശദീകരണം തേടിയിരുന്നു. 2016 ൽ ആറുമാസത്തിനിടയിൽ രണ്ട് ആനക്കുട്ടികളാണ് കോന്നിയിൽ ചരിഞ്ഞത്. ഡിസംബർ ആദ്യം അമ്മുവും ജൂലായിൽ ലക്ഷ്മിയും. 2016 ൽ തൃശ്ശൂർ എലൈറ്റ് ഗ്രൂപ്പ് വനംവകുപ്പിന് കൈമാറിയ ഇന്ദ്രജിത്തും കോന്നി ഇക്കോ ടൂറിസം സെന്ററിൽ ചരിഞ്ഞു. ഹെർപ്പിസ് രോഗബാധയാണ് മരണകാരണമെന്ന് ബത്തേരിയിലെ വനംവകുപ്പിന്റെ ഫോറൻസിക് ലാബിൽ പരിശോധിച്ച് സ്ഥിരീകരിച്ചിരുന്നു. കുട്ടിയാനകൾക്കാണ് ഈ രോഗം പിടിപെടുന്നതായി കാണുന്നത്. ഹെർപ്പിസ് രോഗത്തിന് ചികിത്സയോ പ്രതിരോധമരുന്നുകളോ ഇല്ലെന്നത് പ്രശ്നം സങ്കീർണമാക്കുന്നു.
പരിജ്ഞാനമുളള പാപ്പാൻമാരും വന്യജീവിചികിത്സയിൽ വൈദഗ്ദ്ധ്യമുളള ഡോക്ടർമാരും കുറവാണെന്നതാണ് വനംവകുപ്പ് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വരുന്നവരാണ് വനംവകുപ്പിലെ വെറ്റിനറി ഡോക്ടർമാർ. ഇവർക്ക് വന്യജീവി പരിപാലനവുമായി അറിവുകൾ കുറവാണെന്ന് ആരോപണവും ഉണ്ട്. ഒരു വന്യജീവി വെറ്ററിനറി ഓഫീസറും രണ്ടു അസിസ്റ്റന്റ് ഓഫീസർമാരുമാണ് സംസ്ഥാനത്ത് ആകെയുള്ളത്.
കുട്ടിയാനകൾക്ക് വേഗത്തിൽ രോഗങ്ങൾ പിടിപെടുന്നത് രോഗപ്രതിരോധശേഷി കുറയുന്നത് മൂലവും അമ്മയുടെ മുലപ്പാൽ കിട്ടാതെ വരുമ്പോഴും ആണ്. ആയുഷ്കുമാർ കോറി (ഡി.എഫ്.ഒ കോന്നി )
വൈറസ് ബാധമൂലം കുട്ടിയാനകൾ ചരിയുന്നതിനെപ്പറ്റി പഠനം ആവശ്യമാണ്. ചിറ്റാർ ആനന്ദൻ
(പരിസ്ഥിതി പ്രവർത്തകൻ, റിട്ട: ഡെപ്യൂട്ടി റേഞ്ച് ഓഫീസർ)
ഇക്കോ ടൂറിസം സെന്ററിൽ കുട്ടിയാനകൾ പതിവായി ചരിയുന്നതിനെപ്പറ്റി അന്വേഷണം വേണം.
വിജയകുമാർ കോന്നി (ആനപ്രേമി)