ഉപയോഗിക്കാത്ത ഇ- കൊമേഴ്സ് അക്കൗണ്ടുകളിൽ വായ്പാതട്ടിപ്പ്

Thursday 03 July 2025 12:14 AM IST

തിരുവനന്തപുരം: ദീർഘകാലം ഉപയോഗിക്കാതിരിക്കുന്ന ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ഇ- കൊമേഴ്സ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് വായ്പയെടുത്ത് തട്ടിപ്പ്. അക്കൗണ്ടുകളിലെ പേരും വിവരങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ വായ്പയെടുക്കുന്നത്. തിരിച്ചടവ് മുടങ്ങുമ്പോഴാകും അക്കൗണ്ട് ഉടമ വിവരമറിയുന്നത്. അക്കൗണ്ട് ഉടമയുടെ ക്രെഡിറ്റ് സ്കോറിനെയും ഇതു ബാധിക്കും.

അടുത്തിടെ ആലപ്പുഴ സ്വദേശിക്ക് ഇത്തരമൊരു അനുഭവമുണ്ടായി. ഏറെനാൾ ഉപയോഗിക്കാതിരുന്ന ആമസോൺ അക്കൗണ്ട് തുറക്കാൻ ശ്രമിച്ചപ്പോൾ മറ്റാരോ മെയിൽ ഐ.ഡിയും ഫോൺനമ്പരും മാറ്റിയതായി ശ്രദ്ധയിൽപെട്ടു. കമ്പനിയെ വിവരമറിയിച്ച് അക്കൗണ്ട് വീണ്ടെടുത്തപ്പോൾ, ആമസോൺ പേലേറ്റർ സംവിധാനം വഴി ആരോ 45,000 രൂപയുടെ വായ്പ എടുത്തതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഒ.ടി.പി ആവശ്യപ്പെട്ടുള്ള സന്ദേശമോ മെയിൽ വെരിഫിക്കേഷനോ ഒന്നും വന്നിരുന്നില്ല. ക്രെഡിറ്റ് സ്കോറിനെ ബാധിക്കാതിരിക്കാൻ ആദ്യ അടവ് സ്വന്തം പോക്കറ്റിൽ നിന്ന് അടയ്ക്കേണ്ടി വന്നു.

റീ ഫണ്ട് ആവശ്യപ്പെട്ടും തട്ടിപ്പ്

ഇ- കൊമേഴ്സ് ബ്രാൻഡുകളുമായി ബന്ധപ്പെട്ട് റീ ഫണ്ട് ആവശ്യപ്പെട്ടും തട്ടിപ്പ്. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി തട്ടിപ്പുകാർ വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങും. തുടർന്ന് അത് ഇഷ്ടപ്പെടാതെ തിരികെ നൽകുകയാണെന്ന് കസ്റ്റമർ കെയറിനെ വിശ്വസിപ്പിക്കും. തട്ടിപ്പുകാർ അവരുടെ അക്കൗണ്ട് വിവരങ്ങൾ നൽകി അതിലേക്കാവും റീ ഫണ്ട് തുക നൽകാൻ ആവശ്യപ്പെടുക. ഇതിലൂടെ പണം നഷ്ടമാകുന്നത് ക്രെഡിറ്റ് കാർഡ് ഉടമയ്ക്കും.

ഇടയ്ക്കിടെ നിരീക്ഷിക്കണം

1. ഇ- കൊമേഴ്സ് അക്കൗണ്ടുകൾ വഴി സാധനങ്ങൾ വാങ്ങിയില്ലെങ്കിലും ഇടയ്ക്കിടെ തുറന്ന് നിരീക്ഷിക്കണം

2. ടു ഫാക്ടർ വെരിഫിക്കേഷൻ സംവിധാനം ഉപയോഗിക്കുക. ഇടയ്ക്കിടെ പാസ്‌വേ‌ഡുകൾ മാറ്റണം

1930

സൈബർ ഹെൽപ്പ് നമ്പർ