ലാലിനൊപ്പം ഓർമ്മ പങ്കിട്ട് ഗുസ്തിക്കൂട്ടുകാർ

Thursday 03 July 2025 12:11 AM IST

തിരുവനന്തപുരം: മോഹൻലാലിന്റെ ഹോട്ടൽ മുറിയിലേക്ക് ഇന്നലെ രണ്ട് പഴയ ചങ്ങാതിമാരെത്തി. അമ്പതുകൊല്ലം മുമ്പ് ലാലിനാെപ്പം ഗുസ്തി കളിച്ചു നടന്നവർ. മോഹൻലാൽ നടന വിസ്മയമായപ്പോൾ കൂട്ടുകാർ ഗുസ്തിയുമായി മുന്നേറി.

ദേശീയ ഗുസ്തി ഫെഡറേഷന്റെ മുൻ സെക്രട്ടറി ജനറൽ വി.എൻ. പ്രസൂദ്, സ്പോർട്സ് കൗൺസിൽ പരിശീലകനും ടെക്നിക്കൽ ഓഫീസറുമായിരുന്ന പി.കൃഷ്ണകുമാർ എന്നിവരാണ് ഇന്നലെ മോഹൻലാലിനൊപ്പം ഓർമ്മകൾ പങ്കിട്ടത്.

1975ൽ തിരുവനന്തപുരം എം.ജി കോളേജിൽ ലാൽ പ്രീഡിഗ്രിക്കെത്തിയപ്പോഴാണ് ഇവർ കൂട്ടായത്. പ്രസൂദ് ഡിഗ്രിക്ക് ചെമ്പഴന്തി എസ്.എൻ കോളേജിലേക്ക് പോയെങ്കിലും വഞ്ചിയൂർ വീരകേരള ജിംഘാനയിലും സെൻട്രൽ സ്റ്റേഡിയത്തിലും മൂവരും ഒരുമിച്ചായിരുന്നു പരിശീലനം. മോഹൻലാൽ 74 കിലോ വിഭാഗത്തിലും കൃഷ്ണകുമാർ 52 കിലോ, പ്രസൂദ് 48 കിലോ വിഭാഗങ്ങളിലുമാണ് മത്സരിച്ചിരുന്നത്.

എം.ജി കോളേജിലെ ഗുസ്തി ചാമ്പ്യനായിരുന്നു ലാൽ. ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലും കണ്ണൂരിൽ നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും മെഡൽ നേടി. ലാലിന്റെ പരിശീലകനായി പ്രസൂദ് ഒപ്പം പോയിട്ടുണ്ട്.

പ്രസൂദും കൃഷ്ണകുമാറും ഗുസ്തിയിൽ തുടർന്ന് പരിശീലകരായി. പ്രസൂദ് ദേശീയ ഗുസ്തി ഫെഡറേഷന്റെ സെക്രട്ടറി ജനറലാകുന്ന ആദ്യ മലയാളിയുമായി. 2002ൽ ലാൽ ചതുരംഗം എന്ന സിനിമയിൽ ഗുസ്തി ചാമ്പ്യനായി അഭിനയിച്ചപ്പോൾ അടവുകൾ പരിശീലിപ്പിക്കാനും കോച്ചായി അഭിനയിക്കാനും പ്രസൂദ് എത്തിയിരുന്നു.

അസാമാന്യമായ മെയ്‌വഴക്കമാണ് ലാലിന്. ആള് നാണംകുണുങ്ങിയാണെങ്കിലും ഗോദയിൽ കയറിയാൽ പുലിയാണ്. സ്റ്റണ്ട് രംഗങ്ങളിൽ ഈസിയായി അഭിനയിക്കാൻ തുണച്ചത് ഗുസ്തി പരിശീലനമാണ്. ഗുസ്തിയിൽ തുടർന്നെങ്കിൽ ലാൽ നാഷണൽ ചാമ്പ്യനാകുമായിരുന്നു

- വി.എൻ. പ്രസൂദ്, പി.കൃഷ്ണകുമാർ