ഗതാഗത നയത്തിലെ അശാസ്ത്രീയത, സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്
8ന് സൂചന പണിമുടക്ക്. 22 മുതൽ അനിശ്ചിതകാല സമരം
കോഴിക്കോട്: സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലായിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എട്ടിന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ സർവീസ് നിറുത്തി സൂചന പണിമുടക്ക് നടത്തും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിറുത്താൻ ബസുടമ സംയുക്ത സമിതി തീരുമാനിച്ചു.
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 13 വർഷമായി പുതുക്കിയിട്ടില്ല. യാത്രക്കാരിൽ പകുതിയിലധികവും വിദ്യാർത്ഥികളാണ്. ഡീസലടിക്കാനുള്ള പണം പോലും കിട്ടുന്നില്ലെന്ന് ബസുടമകൾ പറയുന്നു. നിരക്ക് വർദ്ധന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനും ഡോ രവി രാമൻ കമ്മിഷനും ശുപാർശ ചെയ്തിട്ടും നടപ്പാക്കിയില്ല. തൊഴിലാളികൾക്ക് പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതും വിനയാണ്. ജീവനക്കാരിലധികവും രാഷ്ട്രീയബന്ധമുള്ളതിനാൽ സമരങ്ങളിൽ പങ്കെടുത്തതിന് കേസുള്ളവരാണ്. അതുകൊണ്ട് ക്ളിയറൻസ് കിട്ടാൻ ബുദ്ധിമുട്ടാണ്. തെറ്റ് എന്തെന്ന് ബോദ്ധ്യപ്പെടുത്താതെയും ഹിയറിംഗ് നടത്താതെയും ഫോട്ടോയെടുത്ത് ഇ ചലാൻ വഴി അമിത പിഴ ഈടാക്കുന്നു. സ്‌റ്റേജ്‌കാര്യേജുകളിൽ മാത്രം ജി.പി.എസ്. സ്പീഡ് ഗവർണർ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്നുമുണ്ട്.
- ആവശ്യങ്ങൾ
ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘദൂര ബസുകളുടെ പെർമിറ്റ് അതേപടി പുതുക്കി നൽകുക.
അർഹതയുള്ള വിദ്യാർത്ഥികൾക്ക് മാത്രം കൺസഷൻ നൽകുക.
സ്വകാര്യ ബസുകളിലും കെ.എസ്.ആർ.ടി.സിയിലും സ്പോട്ട് ടിക്കറ്റിംഗ് നടപ്പാക്കുക.
ബസുകളിൽ വില പിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വയ്ക്കണമെന്ന് നിർബന്ധിക്കാതിരിക്കുക.
- സംസ്ഥാനത്ത് ബസ് സർവീസ്
15 വർഷം മുമ്പ് 34,000
ഇപ്പോൾ 8,000
ബസ് തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് ഉൾപ്പെടെയുള്ള ദ്രോഹനടപടി അവസാനിപ്പിക്കണം.
കെ.ടി.വാസുദേവൻ,
ചെയർമാൻ, സംയുക്ത സമരസമിതി.