അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് ഏകീകൃത പെൻഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കി സർക്കാർ ഉത്തരവിറക്കി. കേരള കേഡറിലുള്ള ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്എസ് ഉദ്യോഗസ്ഥർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
നിലവിൽ എൻ.പി.എസ്.പെൻഷൻ പദ്ധതിയാണ് ഉണ്ടായിരുന്നത്.ധനകാര്യ വകുപ്പ് ജൂൺ 28ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, 2025 ഏപ്രിൽ 1ന് സർവീസിലുള്ളതും അതിന് ശേഷം സർവീസിൽ പ്രവേശിക്കുന്നതുമായ എല്ലാ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കും ഏകീകൃത പെൻഷൻ പദ്ധതി ബാധകമാകും. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തെ തുടർന്നാണ് തീരുമാനം .പുതിയ ഏകീകൃത പെൻഷൻ പദ്ധതി പ്രകാരം, അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ പെൻഷൻ അക്കൗണ്ടിലേക്ക് പ്രതിമാസം 18.5% സർക്കാർ വിഹിതം അടയ്ക്കുമെന്നാണ് സൂചന.പദ്ധതിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പിന്നീട് പുറത്തിറക്കുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.