സസ്പെൻഷൻ നിയമവിരുദ്ധം: മന്ത്രി ബാലഗോപാൽ

Thursday 03 July 2025 12:04 AM IST

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് നിയമവിരുദ്ധമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതു താത്പര്യം സംരക്ഷിക്കേണ്ടയാളാണ് ഗവർണർ. നിയമ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. ഉന്നത വിദ്യാഭാസ മേഖലയെ തകർക്കുന്ന നിലപാടാണ് നിരന്തരം ഗവർണർ സ്വീകരിക്കുന്നത്. സർക്കാർ നിയമപരമായ നടപടികളുമായി മുന്നോട്ടുപോവുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരള സർവകലാശാല റജിസ്ട്രാർക്ക് നിരുപാധിക പിന്തുണയെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സഞ്ജീവ് വ്യക്തമാക്കി.

വിസിയുടെ ഉത്തരവ് കീറക്കടലാസ്: സിൻഡിക്കേറ്റ്

രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വി.സിക്ക് അധികാരമില്ലെന്ന് സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ പറഞ്ഞു. റജിസ്ട്രാർക്കെതിരെ നടപടിയെടുക്കാൻ അധികാരം സിൻഡിക്കേറ്റിനാണ്. വി.സിയുടെ ഉത്തരവിന് കീറക്കടലാസിന്റെ വില മാത്രമാണ്. രജിസ്ട്രാർ കെ.എസ്. അനിൽകുമാർ പതിവ് പോലെ ഇന്നും ജോലിക്കെത്തുമെന്ന് സിൻഡിക്കേറ്റ് അംഗം ജി മുരളീധരൻ വ്യക്തമാക്കി.

ആർ.എസ്.എസ് താത്പര്യം: കെഎസ്‌യു

രജിസ്ട്രാറെ സസ്പെൻഡ് ചെയ്‌ത വൈസ് ചാൻസലറുടെ നടപടി ഗവർണ്ണറുടെ ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.