തിരു. ബ്രഹ്‌മോസ് പൂർണമായി ഡി.ആർ.ഡി.ഒ ഏറ്റെടുക്കുന്നു
ന്യൂഡൽഹി: ഇന്തോ-റഷ്യൻ സംരംഭമായ തിരുവനന്തപുരത്തുള്ള ബ്രഹ്മോസ് സെന്ററിന്റെ നിയന്ത്രണം പൂർണമായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ഏറ്റെടുക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് ഉറപ്പു ലഭിച്ചെന്നും സ്ഥാപനം പൂട്ടുമെന്ന പ്രചാരണം തെറ്റാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
നരേന്ദ്രമോദി സർക്കാരിന്റെ ആത്മനിർഭർ ഭാരതം എന്ന ലക്ഷ്യത്തിന് വലിയ മുതൽക്കൂട്ടാണ് തിരുവനന്തപുരം ബ്രഹ്‌മോസ് കേന്ദ്രം. ആത്മനിർഭർ പദ്ധതി നടപ്പാക്കാൻ സംയുക്ത കമ്പനിയായി തുടരുന്നത് തടസമാണ്. അതുകൊണ്ടാണ് ഡി.ആർ.ഡി.ഒ ഏറ്റെടുക്കുന്നത്. അങ്ങനെ ബ്രഹ്മോസ് സെന്റർ മുഴുവൻ ശേഷിയും കൈവരിക്കും. രാജ്യത്തിന്റെ തന്ത്രപ്രധാന താത്പര്യങ്ങൾ സംരക്ഷിക്കുന്ന സുപ്രധാന കേന്ദ്രമായി തിരുവനന്തപുരം സെന്റർ മാറും.
'ജീവനക്കാരുടെ
തൊഴിൽ നഷ്ടപ്പെടില്ല'
ബ്രഹ്മോസിലെ ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുമെന്ന വാർത്ത തെറ്റാണെന്നും രാജീവ് ചന്ദ്രശേഖർ. ജീവനക്കാർ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും ഡി.ആർ.ഡി.ഒയുടെയും കീഴിലാകും. സെന്റർ പൂട്ടുകയാണെന്ന് ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി യൂണിയനുകളാണ് മാദ്ധ്യമങ്ങൾക്ക് വാർത്ത നൽകിയത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വെറുതെ വിവാദുണ്ടാക്കാൻ ശ്രമിക്കുകയാണ്.