ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിയമർന്നു
Thursday 03 July 2025 12:08 AM IST
കുളത്തൂപ്പുഴ: മടത്തറ തേരിക്കട താന്നിമുട്ടിൽ ബ്ലോക്ക് നമ്പർ 189ലെ തുളസിയുടെ വീട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൂർണമായും കത്തിയമർന്നു. വീട്ടിൽ ആരും ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി 7ഓടെയായിരുന്നു സംഭവം. സ്ഫോടനം പോലുള്ള വലിയ ശബ്ദം കേട്ടതായി അയൽവാസികൾ പറയുന്നു. അപകടസമയത്ത് തുളസിയും കുടുംബവും ബന്ധുവീട്ടിലായിരുന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങൾ, സ്ഥലത്തിന്റെ പ്രമാണം, റേഷൻ കാർഡ്, ആധാർ കാർഡ് ഉൾപ്പെടെയുള്ളവ കത്തിനശിച്ചു. തുളസിയും ഭാര്യയും മകളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. നാട്ടുകാരും കടയ്ക്കൽ ഫയർഫോഴ്‌സും ചേർന്ന് തീ അണച്ചു.