സൂംബ ഡാൻസിൽ മത വിരുദ്ധതയില്ല: സ്വാമി സച്ചിദാനന്ദ
□രാജ്യ പുരോഗതിയെ മതവുമായി കൂട്ടിക്കുഴയ്ക്കരുത്
ശിവഗിരി : നവീകരിക്കപ്പെടുന്ന വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി കാലാനുസരണമായ പരിഷ്കാരങ്ങൾ കൊണ്ടു വരുന്നത് രാജ്യ പുരോഗതിയുടെ ഭാഗമാണെന്നും,അതും മതവുമായി ബന്ധപ്പെടുത്തരുതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വാർത്താക്കുറിപ്പിൽ പറഞ്ഞു..
ഗുരുദേവന്റെ കല്‍പ്പന പ്രകാരം മതം വ്യക്തിപരമായ ഒരനുഷ്ഠാനമാണ്. അതും രാജ്യകാര്യങ്ങളുമായി കൂട്ടിക്കുഴയ്ക്കാൻ പാടില്ല. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച സൂംബ ഡാൻസിൽ മതപരമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതൊന്നും കാണാനില്ല. രാജ്യത്തെ ഓർത്തും മതത്തെ ഓർത്തും സഹകരണ നിലപാട് എല്ലാ മത സംഘടനകളും
പുലർത്തണം. ഇപ്പോഴത്തെ വിവാദങ്ങൾ വിദ്വാന്മാരായ മതപണ്ഡിതന്മാർ മതവിശ്വാസികളെ പറഞ്ഞു മനസ്സിലാക്കി പൊതു നിലപാടിനോട് ചേർന്നുനില്‍ക്കേണ്ടതാണ്. നമ്മുടെ നാടിനു ബഹുസ്വരതയെ ഉൾക്കൊള്ളുന്ന പാരമ്പര്യമാണുള്ളത്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളെ രാജ്യത്തിന്റെ പൊതു താല്‍പര്യങ്ങളുമായി കൂട്ടിക്കുഴക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടത് സമാധാനവും ശാന്തിയും ഐക്യവും നിലനിറുത്താൻ അനിവാര്യമാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു..