അശരണരായ വയോജനങ്ങൾക്ക് അഭയമേകാൻ 'വയോസാന്ത്വനം'

Thursday 03 July 2025 1:10 AM IST

ആലപ്പുഴ: ആരോരുമില്ലാത്ത വയോജനങ്ങളുടെ സംരക്ഷണത്തിന് 'വയോസാന്ത്വനം' പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ്. ഒരു ജില്ലയിൽ ഒരു സ്ഥാപനമാകും തുടങ്ങുക. സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെയാകും നടപ്പാക്കുക. അനാരോഗ്യം മൂലം തുടർച്ചയായ നിരീക്ഷണം ആവശ്യമുള്ളവർക്ക് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല സാമൂഹ്യനീതി ഓഫീസറുടെ ശുപാർശപ്രകാരം സ്ഥാപനത്തിൽ സംരക്ഷണം നൽകും. ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ അനുയോജ്യമായ മറ്റു പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റും. കിടപ്പുരോഗികൾക്കും സംരക്ഷണം നൽകും.

പദ്ധതിക്കാവശ്യമായ ചെലവിന്റെ 80% വകുപ്പ് നൽകും. 20% തുകയും ഭൗതികസൗകര്യങ്ങളും സന്നദ്ധസ്ഥാപനങ്ങൾ കണ്ടെത്തണം. സർക്കാരിൽ നിന്ന് മറ്റ് ഗ്രാന്റുകളോ ആനുകൂല്യങ്ങളോ ലഭ്യമാകാത്ത എൻ.ജി.ഒകളെയാണ് പരിഗണിക്കുക. മൂന്നു വർഷം വൃദ്ധസദനങ്ങൾ നടത്തി പരിചയമുള്ളതും ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ളതുമായ സന്നദ്ധ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.

പ്രവേശനം 60

കഴിഞ്ഞവർക്ക്

60 വയസ് പൂർത്തിയാക്കിയ നിരാശ്രയരും കിടപ്പുരോഗികളുമായിരിക്കണം ഗുണഭോക്താക്കൾ.

സംരക്ഷണവും സേവനങ്ങളും സൗജന്യം. പദ്ധതിയുടെ വിശദാംശങ്ങൾ സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റിൽ- www.sjid.kerala.gov.in

സ്ഥാപനത്തിൽ

വേണ്ട സൗകര്യം

25 പേർക്ക് താമസിക്കാൻ സൗകര്യമുള്ള കുറഞ്ഞത് 2000 ച.അടി കെട്ടിടം. നാലുചക്ര വാഹനങ്ങൾക്ക് പ്രവേശന സൗകര്യം

കെട്ടിടത്തിനുള്ളിലും പുറത്തും വീൽച്ചെയർ, സ്‌ട്രെച്ചർ റാമ്പ്, അടിയന്തര മെഡിക്കൽ സേവനങ്ങൾക്ക് പ്രത്യേക സൗകര്യം

ഡോർമെറ്ററി സൗകര്യം. ടെലിവിഷൻ, റേഡിയോ, ലൈബ്രറി. സി.സി ടിവി ക്യാമറ. സ്റ്റാഫ് റെസ്റ്റ് റൂം, നഴ്‌സിംഗ് സ്റ്റേഷൻ

നിരവധി സ്ഥാപനങ്ങൾ അപേക്ഷ നൽകിയിട്ടുണ്ട്. യോഗ്യതയും സൗകര്യങ്ങളും പരിഗണിച്ച് സ്ഥാപനങ്ങളെ തിരഞ്ഞെടുത്തശേഷം പദ്ധതി ആരംഭിക്കും

-ഡയറക്ടറേറ്റ്,

സാമൂഹ്യനീതി വകുപ്പ്