വില കൂടുമ്പോള്‍ വിറ്റ് പോകുന്നത് അന്യസംസ്ഥാനത്തെ സാധനം; ലാഭം മുഴുവന്‍ പോകുന്നത് അതിര്‍ത്തികടന്ന്

Thursday 03 July 2025 12:44 AM IST

കല്ലറ: വാഴക്കര്‍ഷകര്‍ക്ക് പറയാനുള്ളത് ദുരിതക്കഥ മാത്രം. കടുത്ത വരള്‍ച്ചയ്ക്കും പെരുമഴയ്ക്കും ശേഷം വാഴക്കുലയ്ക്ക് വില ഉയര്‍ന്നപ്പോള്‍ കര്‍ഷകന് വിളവില്ല. പ്രതികൂല കാലാവസ്ഥയില്‍ വാഴക്കൃഷി കൂട്ടത്തോടെ നശിച്ചതിനാല്‍ വിലക്കയറ്റം പ്രയോജനപ്പെടുത്താനാകാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വിപണിയില്‍ നാടന്‍ ഏത്തക്കുലയ്ക്ക് ക്ഷാമം നേരിടുകയാണ്. കടുത്ത വരള്‍ച്ചയെ തുടര്‍ന്നാണ് വാഴക്കൃഷിക്ക് നാശം നേരിട്ടത്. ഒരു കിലോ നാടന്‍ പച്ച ഏത്തയ്ക്കയുടെയും പൂവന്റെയും വില 60 രൂപയിലെത്തി. ഏത്തപ്പഴത്തിന് 80 രൂപയും ഞാലിപ്പൂവന് 70 രൂപയുമാണ് വില. പാളയംകോടന് 35 മുതല്‍ 40 രൂപ വരെയും. രണ്ടാഴ്ച കൊണ്ട് 30 രൂപവരെയാണ് കിലോയ്ക്ക് വര്‍ദ്ധിച്ചത്.

കര്‍ഷകര്‍ സങ്കടത്തില്‍

സ്വാശ്രയ കര്‍ഷക വിപണികളില്‍ 500 കിലോ വരെ നാടന്‍ വാഴക്കുല കര്‍ഷകര്‍ എത്തിക്കുമായിരുന്നു. ഇപ്പോള്‍ വിപണി ദിവസം 200 കിലോയില്‍ താഴെയാണ് എത്തുന്നത്. നാടന് ക്ഷാമം നേരിടുമ്പോള്‍ മറുനാടന്റെയും വില ഉയര്‍ന്നു. ഒരു കിലോ വയനാടന്‍ ഏത്തപ്പഴത്തിന് 70 രൂപയും തമിഴ്‌നാട് ഇനത്തിന് 60 രൂപയുമാണ് ചില്ലറ വില്പന.

മറുനാടന്റെ വരവ് കൂടി

വിപണിയില്‍ മറുനാടന്റെ വരവും കൂടിയിട്ടുണ്ട്.ഏത്തവാഴ ഒന്നിന് 250 മുതല്‍ 300 രൂപ വരെ ചെലവഴിച്ചാണ് വിളവെടുപ്പിന് പാകമാക്കുന്നത്. എന്നാല്‍ വില ഉയരുമ്പോള്‍ വിളവില്ല. ശക്തമായ മഴ ഓണക്കാല കൃഷിക്കും തിരിച്ചടിയാണ്. ഓണക്കാലത്ത് വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിച്ചുവേണം കൃഷി മുന്നോട്ട് കൊണ്ടുപോകാന്‍. മറുനാടന്റെ വരവില്‍ ഉണ്ടാകുന്ന വിലയിടിവും വലിയ പ്രതിസന്ധിയാണ്.

ഏത്തപ്പഴം 80 രൂപ

ഞാലിപ്പൂവന്‍ 70

പാളയംകോടന്‍ 35-40 രൂപ