ബഡ്ജറ്റ് പാസാക്കിയില്ല, സാങ്കേതിക യൂണി.യിൽ പെൻഷൻ മുടങ്ങി

Thursday 03 July 2025 1:08 AM IST

തിരുവനന്തപുരം: ബഡ്ജറ്റ് പാസാക്കാത്തതിനെത്തുടർന്ന് സാങ്കേതിക സർവകലാശാലയിൽ പെൻഷൻ വിതരണം മുടങ്ങി. 3 മാസത്തേക്ക് പാസാക്കിയ വോട്ട് ഓൺ അക്കൗണ്ടിന്റെ കാലാവധി ജൂണിൽ അവസാനിച്ചതോടെ സർവകലാശാലയിലെ സാമ്പത്തിക ഇടപാടുകൾ സ്തംഭിച്ചു. ഇതേത്തുടർന്ന് ജൂലായിൽ നൽകേണ്ട പെൻഷൻ അടക്കം ഇടപാടുകൾ മുടങ്ങി.

ബഡ്ജറ്റ് പാസാക്കാൻ സിൻഡിക്കേറ്റ്, ബോർഡ് ഒഫ് ഗവർണേഴ്സ് യോഗം വി.സി പലവട്ടം വിളിച്ചെങ്കിലും ക്വാറം തികയാതെ പിരിഞ്ഞതിനെ തുടർന്നാണിത്. വി.സിയുടെ അധികാരമുപയോഗിച്ചാണ് മൂന്നു മാസത്തേക്ക് വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയത്.

പ്രതിമാസം ഒരു കോടിയോളം രൂപ സർവകലാശാലയുടെ സോഫ്റ്റ് വെയറിനു വേണ്ടി കെൽട്രോൺ മുഖേന ഓസ്പിൻ ടെക്നോളജീസ് എന്ന സ്വകാര്യ സ്ഥാപനത്തിന് നൽകേണ്ടതുണ്ട്. ഇതു മുടങ്ങിയാൽ സോഫ്റ്റ്‌വെയർ സേവനങ്ങൾ ലഭ്യമാകാതെ പരീക്ഷ നടത്തിപ്പ് ഉൾപ്പെടെ അവതാളത്തിലാവും. കാലാവധി പൂർത്തിയായ സിൻഡിക്കേറ്റ്, ബോർഡ് ഒഫ് ഗവർണേഴ്സ് സമിതികൾ സർക്കാർ പുനഃസംഘടിപ്പിച്ചിട്ടില്ല.