വാടക ഫ്ലാറ്റ് തട്ടിപ്പ്: യുവാവ് പിടിയിൽ
കൊച്ചി: വാടകയ്‌ക്ക് ഫ്ലാറ്റ് എടുത്ത്, സ്വന്തമാണെന്ന വ്യാജേന ഒരേസമയം ഒന്നിലധികം പേരുമായി പാട്ടക്കരാറൊപ്പിട്ട് ലക്ഷങ്ങൾ തട്ടിയ രണ്ടാം പ്രതി അറസ്റ്റിൽ. തൃക്കാക്കര വാഴക്കാല മലബാർ അപ്പാർട്ട്‌മെന്റിലെ താമസക്കാരനായ മിന്റു കെ. മണിയാണ് (39) തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. ഒന്നാം പ്രതി കാക്കനാട് സ്വദേശിനി ആശ (54) ഒളിവിലാണ്.
തിരുവനന്തപുരം കാലടി സ്വദേശിയായ 49കാരന്റെ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് മാണിക്കുളങ്ങര റോഡിലുള്ള ഗ്ലോബൽ വില്ലേജ് അപ്പാർട്ട്‌മെന്റിലെ എസ്.എഫ് 16 ഫ്ലാറ്റ് കാണിച്ചായിരുന്നു കബളിപ്പിക്കൽ. പത്തിലധികം പേരെ തട്ടിപ്പിന് ഇരയാക്കിയെന്നാണ് വിവരം. സമാനമായ കേസിൽ മിന്റു നേരത്തെയും അറസ്റ്റിലായിട്ടുണ്ട്.
ആശയും മിന്റുവും വ്യാജരേഖകൾ ചമച്ചാണ് പലരുമായി പാട്ടക്കരാരിൽ ഏർപ്പെട്ടത്. ഒ.എൽ.എക്‌സിലൂടെയാണ് പരസ്യം നൽകുന്നത്. അഞ്ച് മുതൽ 10 ലക്ഷം രൂപവരെ പലരിൽ നിന്നും വാങ്ങി. വീടൊഴിയുന്നവർക്ക് മറ്റൊരാളിൽ നിന്നു വാങ്ങുന്ന കരാർതുകയിൽ നിന്ന് ഒന്നോ രണ്ടോ ലക്ഷം രൂപ മാത്രമേ തിരിച്ചു നൽകാറുള്ളൂ.