സംസ്ഥാനത്ത് ഇന്ന് സോളാർ ബന്ദ്
□സൗരോർജ്ജ നയത്തിൽ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് സൗരോർജ്ജ നയത്തിലെ നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് സോളാർ ബന്ദ് ആചരിക്കുമെന്ന് സൗരോർജ്ജ മേഖലയിൽ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്‌റ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സോളാർ പ്ലാന്റുകളുടെ നിർമ്മാണം, വിപണനം, ഇൻസ്റ്റലേഷൻ, സർവ്വീസ് മേഖലകളിൽ കേരളത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും ഇന്ന് അടച്ചിടും. വെള്ളയമ്പലത്തെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഓഫിസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികളായ ജെ.സി.ലിജോ( ജനറൽ സെക്രട്ടറി),നൗഫൽ റൊസെയ്സ് ( പ്രസിഡന്റ്),രാജേഷ് പുന്നടിയിൽ( ട്രഷറർ),ബി.ബിജു , ബി.ശശികുമാർ ( സെക്രട്ടേറിയറ്റ് മെമ്പർമാർ) എന്നിവർ അറിയിച്ചു.നയത്തിലെ നിർദ്ദേശങ്ങൾ നടപ്പാക്കിയാൽ വൈദ്യുതി വില കുത്തനെ ഉയരുകയും, വ്യവസായിക മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നു ഭാരവാഹികൾ ചൂണ്ടിക്കാട്ടി.