ഡാർക്ക്നെറ്റ് ലഹരി വില്പന: രാജ്യമെമ്പാടും പരിശോധന എഡിസൺ നടത്തിയത് കോടികളുടെ ഇടപാട്
കൊച്ചി: ഡാർക്ക്നെറ്റ് ശൃംഖല വഴി മൂവാറ്റുപുഴ സ്വദേശി എഡിസൺ മയക്കുമരുന്ന് വിറ്റഴിച്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പരിശോധന ആരംഭിച്ചു. നാലു വർഷത്തിനിടെ നാലു മുതൽ എട്ടു കോടി വരെ രൂപയുടെ മയക്കുമരുന്ന്, ക്രിപ്റ്റോ കറൻസി ഇടപാടുകൾ ഇയാൾ നടത്തിയതായാണ് പ്രാഥമികനിഗമനം.
എഡിസൺ, സഹായി അരുൺ തോമസ് എന്നിവരെ ഇന്നലെ എൻ.സി.ബി അധികൃതർ കസ്റ്റഡിയിൽ ചോദ്യംചെയ്‌തു. ഇന്ന് കോടതിയിൽ ഹാജരാക്കും. ഇടപാടുകളിൽ അരുണിനും പങ്കുണ്ടെന്ന് എൻ.സി.ബി കണ്ടെത്തി.
യു.കെയിൽ നിന്ന് തപാലിൽ എത്തിക്കുന്ന ലഹരിമരുന്നുകൾ 'കെറ്റാമെലോൺ" എന്ന ഡാർക്ക്നെറ്റ് ശൃംഖല വഴിയാണ് എഡിസൺ വിറ്റഴിച്ചിരുന്നത്. ബംഗളൂരു, ചെന്നൈ, ഭോപ്പാൽ, പാറ്റ്ന, ഡൽഹി തുടങ്ങിയ നഗരങ്ങളിലായിരുന്നു ചില്ലറവില്പന. ഇവിടങ്ങളിൽ എഡിസണിൽനിന്ന് മയക്കുമരുന്ന് വാങ്ങിയവരെയും ഇയാളുടെ ശൃംഖലയിലെ കണ്ണികളെയും കണ്ടെത്തും. എഡിസണിൽ നിന്ന് പിടിച്ചെടുത്ത എൽ.എസ്.ഡി സ്റ്റാമ്പുകളുടെ സാമ്പിൾ രാസപരിശോധനകൾക്കായി കോടതി വഴി എൻ.സി.ബി ശേഖരിച്ചു.
എഡിസണിനെ ജൂൺ 29നാണ് എൻ.സി.ബി കൊച്ചി യൂണിറ്റ് പിടികൂടിയത്.
ചില്ലറ വില്പനയ്ക്കും തപാൽ
എൽ.എസ്.ഡി സ്റ്റാമ്പ്, മറ്റു മയക്കുമരുന്നുകൾ എന്നിവ തപാലിലാണ് വിവിധ സ്ഥലങ്ങളിലേക്ക് എഡിസൺ അയച്ചിരുന്നത്. സംശയം തോന്നാതിരിക്കാൻ ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകൾ വഴിയായിരുന്നു ഇടപാട്. എൻജിനിയറിംഗ് ബിരുദധാരിയായ എഡിസൺന്റെ മയക്കുമരുന്ന് ഇടപാട് അറിഞ്ഞിരുന്നില്ലെന്ന് കുടുംബം മൊഴി നൽകി. എഡിസൺന്റെ അന്താരാഷ്ട്ര ബന്ധങ്ങളും പരിശോധിക്കുന്നുണ്ട്. കുപ്രസിദ്ധ മയക്കുമരുന്ന് മൊത്ത വ്യാപാരിയായ യു.കെയിലെ ഗുൻജ ഡീനിൽ നിന്നാണ് എഡിസൺ വാങ്ങിയിരുന്നത്. ഇയാളുമായി ബന്ധപ്പെട്ടത് എങ്ങനെ, ഇടനിലക്കാരുണ്ടോ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കും. ഇയാളിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനകൾക്ക് വിധേയമാക്കും.