ആവശ്യക്കാരിൽ മുന്നിൽ അമേരിക്ക; ജർമനി, ബ്രസീൽ, യു എ ഇ, ഫ്രാൻസ് എന്നിവയും പ്രധാന വിപണി,​ നടന്നത് 25000 കോടി രൂപയുടെ കച്ചവടം

Thursday 03 July 2025 3:56 AM IST

കൊച്ചി: വെല്ലുവിളികൾക്കിടയിലും 2024–25 വർഷത്തിൽ കയറ്റുമതിയിൽ ഇന്ത്യൻ ടയർ വ്യവസായം മികച്ച പ്രകടനം കാഴ്‌ചവച്ചതായി ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (ആത്മ) അറിയിച്ചു. ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവും 25,000 കോടി രൂപയുടെ കയറ്റുമതിയും നേടിയതായി ആത്മ ചെയർമാൻ അരുൺ മാമ്മൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യൻ വ്യവസായങ്ങൾക്ക് ആവശ്യമായ സ്വഭാവിക റബറിൽ 40 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ റബർ ബോർഡുമായി ചേർന്ന് പ്രോജക്ട് ഇൻറോഡ് ആരംഭിച്ചു. 1,100 കോടി രൂപ ചെലവിൽ രണ്ടുലക്ഷം ഹെക്ടറിൽ റബർ കൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതി ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഇന്റർനാഷണൽ റബർ സ്റ്റഡി ഗ്രൂപ്പ് (ഐ.ആർ.എസ്.ജി) റിപ്പോർട്ടുപ്രകാരം, 2020 മുതൽ 2024 വരെ സ്വാഭാവിക റബർ ഉപയോഗ, ഉത്പാദക രാജ്യങ്ങളിൽ ഇന്ത്യ 6.15 ശതമാനം വാർഷിക വളർച്ചാനിരക്ക് നേടിയിട്ടുണ്ട്. വർദ്ധിച്ചു വരുന്ന ആവശ്യകത നേരിടാൻ ആഭ്യന്തര സ്വാഭാവിക റബർ ഉത്പാദനം വർദ്ധിക്കേണ്ടത് അനിവാര്യമാണെന്ന് അരുൺ മാമ്മൻ പറഞ്ഞു.

ആത്മ ഡയറക്ടർ ജനറൽ രാജീവ് ബുധ്‌രാജ, ഇൻറോഡ് പ്രോജക്‌ട് ചെയർമാൻ മോഹൻ കുര്യൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മുൻ വർഷത്തേക്കാൾ 9% വർദ്ധന

മുൻ സാമ്പത്തിക വർഷത്തെ 23,073 കോടിയെക്കാൾ കയറ്റുമതി ഒമ്പത് ശതമാനം വർദ്ധിച്ച് 25,051 കോടിയിലെത്തി. ഇന്ത്യൻ ടയർ വ്യവസായം 2047 വരെ 11–12 ശതമാനം വാർഷിക വളർച്ച നേടാനാണ് സാദ്ധ്യത. ഉയർന്ന ആഭ്യന്തര ആവശ്യം, വർദ്ധിക്കുന്ന കയറ്റുമതി, തുടർച്ചയായ സാങ്കേതികപുരോഗതി എന്നിവയാണ് ദീർഘകാലവളർച്ചക്ക് പിന്തുണയാകുന്ന പ്രധാനഘടകങ്ങൾ. കയറ്റുമതിയിൽ 17 ശതമാനത്തോടെ അമേരിക്കയാണ് ഏറ്റവും വലിയ കയറ്റുമതി കേന്ദ്രം. ജർമനി, ബ്രസീൽ, യു.എ.ഇ, ഫ്രാൻസ് എന്നിങ്ങനെയാണ് പ്രധാന വിപണി.

മറികടന്ന വെല്ലുവിളികൾ

വ്യാപാരനയങ്ങളിലെ അനിശ്ചിതത്വം

ഭൂമശാസ്ത്രപരമായ വെല്ലുവിളികൾ

ആഗോള ശൃംഖലയിലെ തടസങ്ങൾ

കയറ്റുമതി വളർച്ചയിലെ പ്രധാന ഘടകങ്ങൾ

തുടർച്ചയായ നിക്ഷേപങ്ങൾ

നിർമ്മാണ പ്രവർത്തനം

ഗവേഷണവികസന പ്രവർത്തനങ്ങൾ

നാലുവർഷത്തിനിടെ ടയർ നിർമ്മാതാക്കൾ 27,000 കോടി രൂപ ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് പദ്ധതികളിലായി നിക്ഷേപിച്ചത് വളർച്ചയെ സഹായിച്ചു