ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ, വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Thursday 03 July 2025 6:35 AM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. തുടർച്ചയായ ഡയാലിസിസ് നടത്താനാണ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശം. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇന്നലെ രണ്ട് തവണ അദ്ദേഹത്തിന്റെ ഡയാലിസിസ് നിർത്തിവയ്ക്കേണ്ടി വന്നു. രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്.

തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലാണ് വി എസ് അച്യുതാനന്ദൻ ചികിത്സയിൽ കഴിയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് എസ്‌യുടി ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ജൂൺ 23നാണ് വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.