കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു? ഓറഞ്ച് അലർട്ട്, 50 കിലോമീറ്റർവരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

Thursday 03 July 2025 3:13 PM IST

തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും ശക്തമാകാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ടുള്ളത്. അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട്

03/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്

04/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

05/07/2025: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

06/07/2025: കണ്ണൂർ, കാസർകോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കേരള- കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ ഒഡീഷയ്ക്കും അതിനോട് ചേർന്നുളള ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ട്. ജൂലായ് ഏഴുവരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാദ്ധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.