"ഇഴഞ്ഞ് ചത്ത പാമ്പിന്റെ അടുത്തെത്തി, ഇണയെ നഷ്ടമായ വിഷമത്തിൽ പെൺ മൂർഖൻ തലതല്ലി ചത്തു"; അവിടെ സംഭവിച്ചതെന്ത്?

Thursday 03 July 2025 3:22 PM IST

വാഹനമിടിച്ച് ചത്ത ഇണയെത്തേടി മൂർഖൻ വന്നതും, അതിനടുത്തുകിടന്ന് ചത്തതുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. നാട്ടുകാർ ഇതിനെ ഒരു ദാരുണമായ പ്രണയകഥ എന്ന് വിളിച്ചു. ആ പാമ്പ് സതി ശൈലിയിൽ ജീവിതം ഉപേക്ഷിച്ചതാണെന്നും, തല നിലത്തടിച്ച് ജീവത്യാഗം ചെയ്തു എന്നൊക്കെയാണ് ചിലർ അവകാശപ്പെട്ടത്. എന്നാൽ ജന്തുലോകത്ത് അങ്ങനെയൊരു കാര്യം സംഭവിക്കുമോ?

പാമ്പുകളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ഐതീഹ്യങ്ങൾ നിലവിലുണ്ട്. പ്രത്യേകിച്ച്, മൂർഖനുമായി ബന്ധപ്പെട്ട്. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന കഥകളും നാടോടി വിശ്വാസങ്ങളും പ്രകാരം നാഗങ്ങൾ വിശ്വസ്തരും, ഏകഭാര്യത്വമുള്ളവരും, ഇണകൾ പരസ്പരം ആഴത്തിൽ സ്‌നേഹിക്കുന്നവരുമാണ്.

പാമ്പുകളുടെ പ്രതികാരത്തെക്കുറിച്ചും നിരവധി കഥകളുണ്ട്. ഇണയെ കൊന്നവരെ തിരഞ്ഞുപിടിച്ച് പെൺ പാമ്പ് കൊലപ്പെടുത്തിയ കഥയുമുണ്ട്. ഇതിലൊക്കെ എത്രത്തോളം സത്യമുണ്ട്? എന്നാൽ പാമ്പുകൾ വൈകാരികമായ അടുപ്പം സൂക്ഷിക്കുന്നില്ലെന്നാണ് ശാസ്ത്രം പറയുന്നത്.

ജീവശാസ്ത്രപരമായ കാഴ്ചപ്പാടിൽ, മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകൾ വൈകാരിക ബന്ധങ്ങൾ സൃഷ്ടിക്കുന്നില്ല. ഇണയുടെ ശരീരത്തിനരികിൽ കാത്തിരിക്കുന്ന പാമ്പിന്റെ ചിത്രം ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുമെങ്കിലും, ദുഃഖം കാരണം അത് ചാകാൻ തീരുമാനിച്ചിരിക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്ന് ശാസ്ത്രം സൂചിപ്പിക്കുന്നു.

പൊതുവെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പ്രകൃതക്കാരാണ് പാമ്പുകൾ. ഇണചേരലിനായി അവ ഒത്തുചേരുകയും താമസിയാതെ വേർപിരിയുകയും ചെയ്യുന്നു. പാമ്പുകൾ മുൻ പങ്കാളികളെ തിരിച്ചറിയുകയോ ഓർമ്മിക്കുകയോ ചെയ്യുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

ആൺ പാമ്പ് ചത്തതാണെന്നറിയാതെ അതിന്റെ ഗന്ധത്താൽ ആകർഷിക്കപ്പെട്ടായിരിക്കാം പെൺ പാമ്പ് അവിടെ എത്തിയതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മണിക്കൂറുകൾക്ക് ശേഷം പെൺ പാമ്പ് ചത്തത് തികച്ചും യാദൃശ്ചികം മാത്രമായിരിക്കാം. നിർജ്ജലീകരണം, ക്ഷീണം, പരിക്ക് ഇതൊക്കെയാകാം കാരണം.