'വഴിയുണ്ടാക്കിയാണ് അപകടസ്ഥലത്തേക്ക് ജെസിബി എത്തിച്ചത്, അന്വേഷണത്തിന് ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തി'; മന്ത്രി വീണാ ജോർജ്

Thursday 03 July 2025 4:12 PM IST

കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് സ്‌ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. അടച്ചിട്ടിരുന്ന കെട്ടിടമാണ് അപകടത്തിൽ തകർന്നതെന്ന് മന്ത്രി ആവർത്തിച്ചു. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തി. തെരച്ചിൽ നടത്തുന്നതിനായി സ്ഥലത്തേക്ക് ജെസിബി എത്തിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടം നടന്നയുടൻ സ്ഥലത്തെത്തിയപ്പോഴും അടച്ചിട്ടിരുന്ന കെട്ടിടമാണെന്നാണ് മന്ത്രി പറഞ്ഞത്.

വീണാ ജോർജ് പറഞ്ഞത്:

'മെഡിക്കൽ കോളേജിന്റെ സർജിക്കൽ ബ്ലോക്കിനോട് ചേർന്നുള്ള ടോയ്‌ലറ്റ് ബ്ലോക്കിലാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുമായുള്ള മീറ്റിംഗിലായിരുന്നു. സംഭവം അറിഞ്ഞയുടൻ ഞാനും മന്ത്രി വാസവനും മെഡിക്കൽ കോളേജിലേക്കെത്തി. രക്ഷാപ്രവർത്തനത്തിൽ വീഴ്‌ച സംഭവിച്ചിട്ടില്ല. ചുറ്റും കെട്ടിടമുള്ള സ്ഥലമായതിനാൽ ജെസിബി അവിടേക്കെത്തിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ഒരു കെട്ടിടത്തിന്റെ ഗ്രില്ല് മുറിച്ച് വഴിയുണ്ടാക്കിയ ശേഷമാണ് ജെസിബി എത്തിച്ചത്. സ്ഥലത്ത് ഞങ്ങൾ ഒപ്പം നിന്ന് ഓരോന്ന് എങ്ങനെ ചെയ്യണമെന്ന് പറഞ്ഞുകൊടുത്തു. ആദ്യം പരിക്കുപറ്റി എന്നുമാത്രമാണ് കരുതിയത്.

മെഡിക്കൽ കോളേജിലെ ആദ്യത്തെ ബ്ലോക്കാണ്. കാലപ്പഴക്കം കാരണം ഉപയോഗിക്കാൻ പറ്റില്ലെന്ന് 2012 മുതൽ റിപ്പോർട്ടുണ്ട്. പക്ഷേ, കൊവിഡ് കാരണം കെട്ടിടത്തിന്റെ നിർമാണപ്രവർത്തനം നടത്താൻ കഴിഞ്ഞിട്ടില്ല. 2021 -22 കാലയളവിൽ എട്ട് നിലകളുള്ള ഒരു കെട്ടിടം പണിതു. ഈ കെട്ടിടത്തിലേക്ക് മാറുന്നതിനെക്കുറിച്ച് മേയ് 30ന് മീറ്റിംഗ് നടത്തിയതാണ്. ഇപ്പോൾ അപകടമുണ്ടായ ബ്ലോക്ക് അടച്ചിട്ടിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പരിശോധിച്ച ശേഷം ബാക്കി കാര്യങ്ങൾ സംസാരിക്കാം. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.'